ആലപ്പുഴ : മലപ്പുറം കാട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അജ്‌വദ് ബിൻ ഫൈസൽ ആലപ്പുഴയിലേക്ക് കൊണ്ടുവന്നത് ഒരു അത്ഭുത ബോട്ടാണ്. ഈ ബോട്ടിന് അജ്‌വദ് നൽകിയ പേര് . 'അൽ ജബർ അൽ മുഖാബല ' ! ഗണിതശാസ്ത്രത്തിൽ ആൾജിബ്രയുടെ പിതാവായി കണക്കാക്കപ്പെടുന്ന മുഹമ്മദ് ഇബ്നു മൂസ അൽ-ഖവാരിസ്മി രചിച്ച പുസ്തകത്തിന്റെ പേരാണ് അജ് വദ് തന്റെ ഗണിത ബോട്ടിനായി ഉപയോഗിച്ചത്. രേഖീയ, ദ്വിമാന സമവാക്യങ്ങളെ കണിശമായ രീതിയിൽ പ്രതിപാദിച്ച ആദ്യത്തെ ഗ്രന്ഥമാണിത്. ദ്വിമാന, ത്രിമാന അളവുകളും, ജ്യാമിതീയ രൂപങ്ങളും , സംഖ്യാ ശ്രേണിയും എല്ലാം ബോട്ടിൽ നിന്നും മനസ്സിലാക്കാം. ജ്യാമിതിയരൂപങ്ങൾ കൊണ്ടുണ്ടാക്കിയ ബോട്ട് എവിടെ നിന്ന് നോക്കിയാലും ഒരു പോലെ ഒരേ അളവിൽ കാണാൻ സാധിക്കും. ഒരു വർഷത്തോളം സമയമെടുത്താണ് ബോട്ട് നിർമ്മാണം.
ചാർട്ട്, മൾട്ടി വുഡ്, ഫോം ഷീറ്റ്, ഈർക്കിൽ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. സ്കൂളിലെ ഗണിതാദ്ധ്യാപകരും അച്ഛനും സഹായിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായ സലിം ഫൈസൽ ആണ് പരിശീലകൻ .
ഗണിത ബോട്ടിലൂടെ ഗണിത ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ ‘എ’ ഗ്രേഡാണ് അജ്‌വദ് ബിൻ ഫൈസൽസ്വന്തമാക്കിയത്.സഹോദരൻ അയാസ് ബിൻ ഫൈസൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഗണിത ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ പങ്കെടുക്കും. അമ്മ :ഷാഹിന സലിം ഫൈസൽ