കൊല്ലം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുരീപ്പുഴ മണലിൽ നഗർ ചിഞ്ചേരി വയലിൽ ഉണ്ണിക്കുട്ടൻ (24), കുരീപ്പുഴ മഠത്തിൽ വീട്ടിൽ സച്ചു എന്ന് വിളിക്കുന്ന സുദിൻ ചന്ദ്രൻ (23) എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കുരീപ്പുഴ സ്വദേശി ഷിബുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി 9 ഓടെ കുരീപ്പുഴ ആനേഴുത്ത് മുക്കിൽ വച്ച് പ്രതികൾ ഷിബുവിനെ കമ്പിവടി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുൻനിരയിലെ പല്ല് ഇളകിപ്പോയ ഷിബു ചികിത്സയിലാണ്. കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ്, സി.പി.ഒമാരായ സലിം, വിനോദ്, അനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.