സുവർണ നിമിഷങ്ങളിലെ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചു
കൊല്ലം: ഗ്രേഡ് എസ്.ഐ രണദേവും സി.പി.ഒ അജയകുമാറും റെയിൽവേ സ്റ്റേഷനുള്ളിൽ ഓടിത്തളർന്ന് ഒന്നിരുന്നിരുന്നെങ്കിൽ ആലപ്പുഴ തുറവൂർ സ്വദേശിനി രഞ്ജിത ഇന്ന് ജീവനോടെ കാണുമായിരുന്നില്ല. ഓടിക്കിതച്ചിട്ടും നിൽക്കാതെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ തുടക്കം മുതൽ ഒടുക്കം വരെ ഓടിനടന്ന് പരിശോധിച്ചാണ് നെഞ്ചുപൊട്ടി സഹായം അഭ്യർത്ഥിച്ച രഞ്ജിതയെ ഇരുവരും കണ്ടെത്തിയത്. ആംബുലൻസ് വരുന്നത് കാക്കാതെ സുവർണ നിമിഷങ്ങൾ പാഴാക്കാതെ രഞ്ജിതയുമായി ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞു.
കാർഡിയോളജി വിഭാഗത്തിന്റെ വരാന്തയിൽ രണദേവും അജയകുമാറും പ്രാർത്ഥനകളോടെ കാത്തിരുന്നു. അല്പം നേരം കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. 'നിങ്ങൾ എത്തിച്ച യുവതിക്ക് ഹൃദയാഘാതമായിരുന്നു. അൽപ്പം വൈകിയിരുന്നെങ്കിൽ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.'
കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ രണദേവും അജയകുമാറും വെള്ളിയാഴ്ച രാത്രി മുതൽ നൈറ്റ് പട്രോളിംഗിലായിരുന്നു. ഇതിനിടെ ഇന്നലെ പുലർച്ചെ 1.50 ഓടെ പൊലീസിന്റെ എമർജൻസി റെസ്‌പോൺസ് കൺട്രോൾ റൂമിലേക്ക് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശമെത്തി. ഉറവിടം പരിശോധിച്ചപ്പോൾ കൊല്ലം റെയിൽവേ സ്റ്റേഷൻ. എമർജൻസി റെസ്‌പോൺസ് കൺട്രോൾ റൂമിൽ നിന്ന് വിവരം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് കൈമാറി.
എസ്.ഐ രണദേവിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് സംഘം ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിലെത്തി. സഹായം അഭ്യർത്ഥിച്ച ഫോൺ നമ്പരിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടർന്ന് രണദേവും അജയകുമാറും നടത്തിയ തെരച്ചിലിൽ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ അവശയായി ജീവനുവേണ്ടി പിടയുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമയം ഒട്ടും കളയാതെ ഇരുവരും ചേർന്ന് യുവതിയെ താങ്ങിയെടുത്തു ജീപ്പിലേക്ക് പാഞ്ഞു. പിന്നെ ജില്ലാ ആശുപത്രിയിലേക്കും.
കുഞ്ഞുമകളെ കാണാൻ വന്ന അമ്മ
കൊല്ലത്ത് ബോർഡിംഗിൽ കഴിയുന്ന രണ്ട് വയസുകാരിയായ മകളെ കാണാൻ എത്തിയതായിരുന്നു രഞ്ജിത. ബാഗിൽ നിന്ന് ലഭിച്ച വിക്ടോറിയ ആശുപത്രിയിലെ ഒ.പി ടിക്കറ്റിൽ നിന്ന് രണദേവും അജയകുമാറും രഞ്ജിതയുടെ വിലാസം തിരിച്ചറിഞ്ഞു. മകളെ ആശുപത്രിൽ കാണിച്ച് ബോർഡിംഗിലാക്കി വീട്ടിലേക്ക് മടങ്ങാനായി ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. അപകടനില തരണം ചെയ്ത യുവതിയെ ബന്ധുക്കളെത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.
പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണ്.
ചൈത്ര തെരേസാ ജോൺ
കമ്മിഷണർ, കൊല്ലം സിറ്റി പൊലീസ്