
കൊല്ലം: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി. ഉദ്ഘാടനം സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് വെള്ളനാതുരുത്ത് വഴി കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെത്തുന്ന തരത്തിലാണ് സർവീസ്.
രാവിലെ 6 മുതൽ രാത്രി 8 വരെ ഓരോമണിക്കൂർ ഇടവിട്ട് കരുനാഗപ്പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചും ബസ് സർവീസ് നടത്തും. ഇന്നലെ കനത്ത തിരക്കാണ് ഓരോ സർവീസിലും അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെയും ക്ഷേത്ര ഭാരവാഹികളുടെയും വിലയിരുത്തൽ. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.അനിൽജോയ്, സെക്രട്ടറി പി.സജി, ട്രഷറർ ആർ.സത്യനേശൻ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.