കൊല്ലം: കായലിനും കടലിനും ഇടയിലെ പണ്യഭൂമിയിൽ കുടികൊള്ളുന്ന ചവറ പൊന്മന കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 10.30നും 11നും മദ്ധ്യേ ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
തുടർന്ന് പഞ്ചാരിമേളം, കൊടിമരച്ചുവട്ടിൽ വിഭവ സമർപ്പണം, കലശാഭിഷേകം, തോറ്റംപാട്ട്, പാൽപ്പായസ സദ്യ എന്നിവ നടന്നു. പന്ത്രണ്ട് ദിവസം നീളുന്ന വൃശ്ചികോത്സവത്തിന് 27ന് കൊടിയിറങ്ങും. ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി വിശിഷ്ടാതിഥിയായി. അബ്ദു സമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ കളക്ടർ എൻ.ദേവിദാസ്, സി.ആർ.മഹേഷ് എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.രാജേന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ക്ഷേത്രഭരണ സമിതി സെക്രട്ടറി, പി.സജി, ജോ. സെക്രട്ടറി എസ്.ദിനേശ് തുടങ്ങിയവർ സംസാരിച്ചു.
രണ്ടാം ദിവസമായ ഇന്ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് പുറമേ 5.30ന് ആദിത്യപൂജ, 11.45ന് അന്നദാനം, ഉച്ചയ്ക്ക് 12ന് നൃത്തനൃത്യങ്ങൾ, 12ന് ചതുർശത മഹാനിവേദ്യം, 4.30ന് തോറ്റംപാട്ട്, 7ന് നാമസങ്കീർത്തനം, 10.15ന് താളച്ചുവട് എന്നിവ നടക്കും. ആയിരക്കണക്കിന് ഭക്തരാണ് കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കാനും ക്ഷേത്ര ദർശനത്തിനും എത്തിയത്.