കൊല്ലം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകൾ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. സഹകരണ വകുപ്പും ജില്ലയിലെ സർക്കിൾ സഹകരണ യൂണിയനുകളും സംയുക്തമായി സംഘടിപ്പിച്ച 71ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അപൂർവം ചില സ്ഥാപനങ്ങളിൽ സംഭവിച്ച അഭിലഷണീയമല്ലാത്ത കാര്യങ്ങൾ പർവതീകരിച്ച് സഹകരണ മേഖല മുഴുവൻ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ സഹകാരികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തിൽ നിന്ന് ജെ.ഡി.സി, എച്ച്.ഡി.സി പരീക്ഷകളിൽ ഉയർന്നവിജയം നേടിയവർക്ക് അവാർഡ്ദാനവും ജില്ലാ, താലൂക്ക് തല മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.
എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. സഹകരണസംഘം കൊല്ലം ജോ. രജിസ്ട്രാർ (ജനറൽ) എം.അബ്ദുൽ ഹലീം സഹകരണ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.രാജഗോപാൽ, എൻ.എസ് സഹകരണ ആശുപത്രി ചെയർമാൻ പി.രാജേന്ദ്രൻ, കേരളബാങ്ക് ഡയറക്ടർ അഡ്വ. ജി.ലാലു, കാപ്പെക്സ് ചെയർമാൻ ജി.ശിവശങ്കരപ്പിള്ള, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ വി.എസ്.ലളിതാംബികദേവി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് 'കേരള സഹകരണ നിയമ ഭേദഗതി 2023', 'സഹകരണ മേഖലയിൽ ഐ.ടി/ എ.ഐയ്ക്കുള്ള സാദ്ധ്യതകളും വെല്ലുവിളികളും' എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. പി.എസ്.സി മുൻ ചെയർമാൻ എം.ഗംഗാധരക്കുറുപ്പ് മോഡറേറ്ററായി. റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ ഷാജി ജനാർദ്ദനൻ, ഐ.സി.ടി.എ.കെ ഫാക്കൽറ്റി റിജി.എൻ.ദാസ് എന്നിവർ വിഷയം അവതരിപ്പിച്ചു. വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളായ എൻ.എസ്.പ്രസന്നകുമാർ, പി.രാജേന്ദ്രൻ, അഡ്വ. ഇ.യൂസഫ് കുഞ്ഞ്, പി.ആനന്ദൻ, ജോർജ്.ഡി.കാട്ടിൽ, പ്രസിഡന്റ് അഡ്വ. കെ.മനോജ് കുമാർ, നെടുങ്ങോലം രഘു, എസ്.ഷൈജു, കല്ലട വിജയൻ, ടി.സി.വിജയൻ, അഡ്വ. എസ്.ലീല തുടങ്ങിയവർ പങ്കെടുത്തു.