കൊല്ലം: പേവിഷബാധയേൽക്കുന്ന സാഹചര്യത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് കഴുകുന്നതിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ്. ഈ വൈറസ് ശരീരത്തിൽ കടന്നാൽ രണ്ട് മുതൽ മൂന്ന് മാസം കൊണ്ട് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മൃഗങ്ങളുടെ കടി, പോറൽ, നക്കൽ എന്നിവയേൽക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനട്ടെങ്കിലും ടാപ്പിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ കഴുകേണ്ടതാണ്. വൈറസ് ശരീരത്തിൽ കടക്കുന്നതൊഴിവാക്കാൻ ഇത് സഹായിക്കും. മൃഗങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന വ്യക്തിയാണെങ്കിൽ പേവിഷബാധ പ്രതിരോധിക്കാൻ വാക്സിൻ മുൻ കൂട്ടിയെടുക്കണം.
വളർത്ത് മൃഗങ്ങൾക്ക് യഥാസമയം കുത്തിവയ്പ്പെടുക്കുക. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകൾ, പോറലുകൾ എന്നിവ അവഗണിക്കരുത്. മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടുകയും പ്രതിരോധ കുത്തിവയ്പ്പെടുത്ത് സുരക്ഷിതരാവുകയും ചെയ്യുക. പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും.