കൊല്ലം: സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാർക്കും, വിൽപ്പനക്കാർക്കുമായി വിപുലമായ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കടപ്പാക്കട സ്പോർട്സ് ക്ലബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

അർഹരായവർക്കുള്ള ഭവനനിർമ്മാണം, മുച്ചക്ര വാഹന വിതരണം, ബീച്ച് അമ്പ്രല്ല വിതരണം തുടങ്ങിയ പദ്ധതികൾ തുടരും. കഴിഞ്ഞ വർഷം 35 കോടിയിലധികം രൂപയാണ് ക്ഷേമപദ്ധതികൾക്ക് ചെലവഴിച്ചത്. ജില്ലയിലെ ലോട്ടറി ഓഫീസുകൾ താഴത്തെ നിലയിലാക്കുകയും ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ബോർഡ് ചീഫ് എക്സി. ഓഫീസർ എസ്.എബ്രഹാം റെൻ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.എസ്.സജിത, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. ജി.മുരളീധരൻ, യൂണിയൻ പ്രതിനിധികളായ എസ്.ബിജു, ഒ.ബി.രാജേഷ്, ഡോ. ജെ.ജയകുമാർ, എം.അൻസറുദ്ദീൻ, അലിയാര് കുഞ്ഞ്, ഗിരീഷ് ലാൽ, കെ.ബി.ഷഹാൽ, പേരൂർ ശശിധരൻ, വി.രാജൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.