കൊല്ലം: പ്രവർത്തന ക്ഷമമല്ലാത്ത ഫോണിന് പകരം പുതിയതോ വിലയോ നിർമ്മാണ കമ്പനിയും സർവീസ് സെന്ററും ചേർന്ന് ഉപഭോക്താവിന് നൽകാൻ ജില്ലാ കൺസ്യൂമർ കമ്മിഷൻ ഉത്തരവിട്ടു. കടപ്പാക്കട കമലമന്ദിരത്തിൽ നിരഞ്ജൻ വിജയകുമാർ ഫയൽ ചെയ്ത കേസിലാണ് വിധി.
നിരഞ്ജൻകുമാർ 2019 ഒക്ടോബറിൽ 69900 രൂപ നൽകി പഠനാവശ്യത്തിനായി കൊല്ലം നഗരത്തിലെ സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ഫോൺ മൂന്ന് മാസം കഴിഞ്ഞപ്പോൾ കേടായി. തുടർന്ന് നിർമ്മാണ കമ്പനിയുടെ എറണാകുളത്തെ സർവീസ് സെന്ററിൽ കൊടുത്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി ഉണ്ടായില്ല. പിന്നീട് സമീപിച്ചപ്പോൾ ഉപഭോക്താവ് ഫോൺ കുഴപ്പത്തിലാക്കിയതിനാൽ പുതിയത് നൽകാനാകില്ലെന്ന് സർവീസ് സെന്ററിൽ നിന്ന് അറിയിച്ചു. ഇതോടെയാണ് കൺസ്യൂമർ കമ്മിഷനെ സമീപിച്ചത്.
കേസ് നടത്തിപ്പ് ഇനത്തിൽ ഉപഭോക്താവിന് 5000 രൂപ നൽകാനും ഉത്തരവിൽ പറയുന്നു. 45 ദിവസത്തിനകം പുതിയ ഫോണോ വിലയോ നൽകിയില്ലെങ്കിൽ 10000 രൂപ അധികം നൽകണം. എസ്.കെ.ശ്രീല പ്രസിഡന്റും സ്റ്റാൻലി ഹെറാൾഡ് അംഗവുമായ കമ്മിഷനാണ് വിധി പറഞ്ഞത്. വാദിക്ക് വേണ്ടി അഡ്വ. എം.പി.സുഗതൻ ചിറ്റുമല കോടതിയിൽ ഹാജരായി.