കൊട്ടാരക്കര: ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും പിൻവലിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല കുറവൻചിറ- വല്ലം ക്ഷേത്രം റോഡിന്റെ ദുരിതമേറുന്നു. ഏറെനാളായി റോഡ് തകർച്ചയിലാണ്. ടാറിംഗിന്റെ അംശംപോലുമില്ലാത്തവിധം റോഡ് തകർച്ചയിലാവുകയും മെറ്റലുകൾ ഇളകിത്തെറിക്കുകയുമാണ്. ഇടയ്ക്ക് പച്ചമണ്ണ് വെട്ടിയിട്ടത് കൂടുതൽ അപകടാവസ്ഥയുമൊരുക്കി.

20 ലക്ഷം അനുവദിച്ചു, പിൻവലിച്ചു

ദുരിതാവസ്ഥ തുടർന്നിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി നേരത്തെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ മുൻകൈയെടുത്ത് റോഡിന്റെ നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുക അനുവദിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാർ ചർച്ചകൾ നടത്തുന്നതിനിടെയാണ് തുക പിൻവലിച്ചത്. എന്തിനാണ് അനുവദിച്ച തുക പിൻവലിച്ചതെന്ന ചോദ്യത്തിനുമാത്രം ഉത്തരമില്ല.

കൂടുതൽ തുക വേണം

ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയാണ് റോഡിന്റെ നവീകരണത്തിന് അനുവദിച്ചത്. പൂർണമായും തകർന്നതിനാൽ കുറവൻചിറ ഭാഗംമുതൽ മലയിൽപ്പാറ വരെ ടാറിംഗ് നടത്താനേ ഈ തുക ഉപകരിക്കൂ. ശേഷിക്കുന്ന ഭാഗം അതേപടി കിടക്കും. ഇതാണ് തുക പിൻവലിച്ചതെന്നാണ് ഒരു ന്യായം. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽ വിഷയം എത്തിയിട്ടുണ്ട്. കൂടുതൽ തുക അനുവദിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.