un

കൊല്ലം: ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനെസ്‌കോ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രഫിക് കമ്മിഷൻ (ഐ.ഒ.സി) സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര സുനാമി സിമ്പോസിയത്തിൽ സുനാമി രക്ഷാപ്രവർത്തനങ്ങൾ വിശദീകരിച്ച് അമൃത വിശ്വവിദ്യാപീഠം. 2024 ലെ സുനാമി സംഭവിച്ച് 20 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സുനാമി സിമ്പോസിയത്തിലാണ് സർവകലാശാലാ പ്രൊ വോസ്റ്റ് ഡോ. മനീഷ രമേഷ് മാതാ അമൃതാനന്ദമയി മഠത്തെയും അമൃത വിശ്വവിദ്യാപീഠത്തെയും പ്രതിനിധീകരിച്ച് സംസാരിച്ചത്.

"ആച്ചേ ലോകത്തിന് നന്ദി പറയുന്നു" എന്ന സന്ദേശവുമായി സംഘടിപ്പിച്ച സിമ്പോസിയത്തിൽ ദുരന്തസമയത്ത് മാതാ അമൃതാനന്ദമയി മഠത്തിന്റെയും സർവകലാശാലയുടെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് വിശദീകരിച്ചത്.

സർവകലാശാലയുടെ ചാൻസലർ കൂടിയായിട്ടുള്ള മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ സുനാമി ദുരിതാശ്വാസ പദ്ധതികൾ പല രാജ്യങ്ങളും, ഗവേഷണ പ്രോജക്ടുകളും ലോകോത്തര മാതൃകയായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതുവഴി മാതാ അമൃതാനന്ദമയി മഠത്തിന്റെയും സർവകലാശാലയുടെയും പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ടെന്നും ഡോ. മനീഷ രമേഷ് അഭിപ്രായപ്പെട്ടു.

പരിപാടിയോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിൽ സുനാമിയുടെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ചു. ഡോ. മനീഷ രമേഷിനോടൊപ്പം അമൃത സ്‌കൂൾ ഫോർ സസ്‌റ്റൈനബിൾ ഫ്യൂച്ചേഴ്സ് ഗവേഷണവിഭാഗം മേധാവി ഡോ. സുധ അർലിക്കട്ടി, എം.നിതിൻ കുമാർ, സായി ഹരിചന്ദന എക്കിരാല എന്നിവരാണ് അമൃത വിശ്വവിദ്യാപീഠത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സുനാമി സിമ്പോസിയത്തിൽ പങ്കെടുത്തത്.