
തഴവ: ഓച്ചിറ വൃശ്ചികോത്സവം സജീവമായതോടെ ക്ഷേത്രത്തിലെ പ്രധാന നേർച്ച ചടങ്ങായ എട്ടുകണ്ടം ഉരുളിച്ചയ്ക്ക് ഭക്തജനത്തിരക്കേറി. സാധാരണ ദിവസങ്ങളിൽ പോലും ക്ഷേത്രത്തിൽ ഉത്സവ പ്രതീതി ഉയർത്തുന്ന ഒരു പരമ്പരാഗത നേർച്ചയാണ് വെട്ടുകണ്ടം ഉരുളിച്ച.
വാദ്യമേളങ്ങളോടെ അലങ്കരിച്ച അമ്പലക്കാളകളെ എഴുന്നെള്ളിച്ച് കൊണ്ടുവരുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. കളിക്കണ്ടത്തിന്റെ എട്ട് ദിക്കുകളിലായി വാസ്തുശാസ്ത്ര വിധി പ്രകാരം അനാതി കാലം മുമ്പ് പ്രതിഷ്ഠിച്ചിട്ടുള്ള അഷ്ടദിക്ക് പാലകരെ പരിപാലിച്ച് ഉണർത്തി നന്ദികേശ സമക്ഷം വണങ്ങി ഉരുളിച്ചയ്ക്ക് ദക്ഷിണ വച്ചാൽ ഉദ്ദിഷ്ട കാര്യസാദ്ധ്യം ഉറപ്പാണെന്നാണ് വിശ്വാസം.
ക്ഷേത്ര ഭരണസമിതി അംഗീകരിച്ച കലാകരന്മാമാർ ഉൾപ്പടെയുള്ള ഒരു കൂട്ടരാണ് രസീത് വാങ്ങിയവർക്കായി നേർച്ച നടത്തിയെടുക്കുന്നത്. മുത്തുക്കുടകൾ, നാദസ്വരം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ കിഴക്കേ നടയിൽ തുടങ്ങി തെക്ക് വടക്ക് കണ്ടങ്ങൾ ഉൾപ്പടെ ആൽത്തറകൾ ചുറ്റി വരുന്ന എട്ടുകണ്ടം ഉരുളിച്ച ചടങ്ങ് കാഴ്ചക്കാർക്ക് ഉത്സവഘോഷ യാത്രയാണെന്നേ തോന്നുകയുള്ളു. വൃശ്ചികോത്സവം രണ്ടാം ദിവസമായ ഇന്നലെ രാവിലെ മുതൽ തന്നെ അസാധരണ തിരക്കാണ് അനുഭവപ്പെട്ടത്.