കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വൃശ്ചികോത്സവത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചാരണ യോഗത്തിൽ വൻ ഭക്തജനപ്രവാഹം. യൂണിയന്റെ പരിധിയിൽ നിന്ന് നൂറ് കണക്കിന് ഭക്തരാണ് ഇന്നലെ ഓച്ചിറ ശ്രീനാരായണ മഠത്തിൽ എത്തിയത്. രണ്ടാം ദിവസമായ ഇന്നലെ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യവും പരിസ്ഥിതിയും എന്ന വിഷയത്തെ അധികരിച്ചായിരുന്നു സമ്മേളനം. ഗുരുദേവന്റെ നിർദ്ദേശാനുസരണം കേരളത്തിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി ആദ്യമായി പേരാടിയത് എസ്.എൻ.ഡി.പി യോഗം ആയിരുന്നു എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭാരതത്തിന്റെ ആത്മീയ ചൈതന്യം നിലനിൽക്കുന്നത് ഗുരുദേവ ദർശനങ്ങളിലാണ്. മനുഷ്യത്വത്തെ മതമാക്കി മാറ്റിയ മഹാ തപസ്വിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യഷനായി. മാവേലിക്കര യൂണിയൻ പ്രസിഡന്റ് ഡോ.ആനന്ദരാജൻ, കോ- ഓഡിനേറ്റേഴ്സ് മഹേന്ദ്രദാസ്, അജി, യൂണിയൻ കൗൺസിലർ കെ.രാജൻ, വിവിധ ശാഖാ ഭാരവാഹികളായ രംഗനാഥൻ, അജിത് കുമാർ, ചന്ദ്രശേഖരൻ, സുരേഷ്, പ്രശാന്തൻ, ടി.വി.സനിൽ, അനിൽകുമാർ, സജി, മോഹനൻ, സുദർശനൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.