
ആലപ്പുഴ : നമസ്‌കാരം, വാർത്തകൾ വായിക്കുന്നത് ഇന്ദിര പ്രിയംവദ.. ആലപ്പുഴ എസ്.ഡി.വി.ഇ.എം എച്ച്.എസ്.എസിലെ മൂന്നാംക്ലാസുകാരി കുറച്ച് നേരത്തേയ്ക്ക് വാർത്താവതാരകയായി. പരിഭ്രമമോ, ആശങ്കയോയില്ലാതെ ആവേശത്തോടെയായിരുന്നു അവതരണം. തുടർന്ന്, എസ്.സി.ഇ.ആർ.ടി യുടെ സ്കിൽ നെസ്റ്റ് എക്പോയിലെത്തിയ ഭൂരിഭാഗംപേരും അവതാരകരായി. 'മാദ്ധ്യമങ്ങളും വിനോദവും -മാദ്ധ്യമ നൈപുണികൾ: അറിയാം നേടാം ' എന്ന കേന്ദ്രത്തിലാണ് ഇതിന് അവസരം ഒരുക്കിയത്. തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിൽ എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ 9-ാം ക്ലാസിലെ രണ്ടാം ഭാഗത്തിലെ പ്രവർത്തനപുസ്തകത്തിലെ 11 മേഖലകളുടെ പരിചയപ്പെടുത്തലാണ് നടന്നത്. വാർത്തവായന ടി.വിയിൽ ലൈവായി കാണാനും കഴിയും. ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ നഹറാൻ,അഭിനവ്, ഡെറിക് , ബെൻസൻ എന്നിവരാണ് ക്യാമറ, സ്വിച്ചിംഗ്, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ സജ്ജമാക്കിയത്. ഒ.ബി.എസ് എന്ന സൗജന്യ സോഫ്റ്റ് വെയർ ഉപയോഗിച്ചായിരുന്നു പ്രവർത്തനം. മലപ്പുറം അരീക്കോട് ജി.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം ജേണലിസം അദ്ധ്യാപകനായ മുഹമ്മദ് അസ്ലമിനാണ് സ്റ്റാളിന്റെ ചുമതല. വീഡിയോ എഡിറ്ററായ അഭിനന്ദ് സാങ്കേതിക സഹായം നൽകി. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രവർത്തന പുസ്തകത്തിലെ ആശയങ്ങൾ പരിചയപ്പെടുത്തലാണ് എക്പോയുടെ ലക്ഷ്യമെന്ന് എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. രഞ്ജിത്ത് സുഭാഷ് പറഞ്ഞു.