kattil-ambalam

കൊല്ലം: വൃശ്ചികോത്സവത്തോടനുബന്ധിച്ച് കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിൽ തോറ്റംപാട്ട് ആരംഭിച്ചു. ശ്രീകാര്യം സുരേഷ് രാമചന്ദ്രൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തിലാണ് തോറ്റംപാട്ട്. ഇന്നലെ രാവിലെ ആദിത്യപൂജ, പന്തീരടിപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് ചതുർശത മഹാനിവേദ്യം, വൈകിട്ട് ദീപാരാധന എന്നിവ നടന്നു.

ഉച്ചയ്ക്ക് അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് നാമസങ്കീർത്തനം, താളച്ചുവട് എന്നീ കലാപരിപാടികളും അരങ്ങേറി. ഇന്ന് രാവിലെ പന്തീരടി പൂജ, തോറ്റംപാട്ട്, വടക്ക്പുറത്ത്പാട്ട് എന്നിവ നടക്കും.

27 വരെ നടക്കുന്ന വൃശ്ചികോത്സവത്തിൽ എല്ലാ ദിവസവും വൈകിട്ട് 4.30ന് തോറ്റംപാട്ട് ക്ഷേത്രത്തിൽ നടക്കുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.അനിൽ ജോയ്, സെക്രട്ടറി പി.സജി, ട്രഷറർ ആർ.സത്യനേശൻ എന്നിവർ അറിയിച്ചു.