പത്തനാപുരം: ഭാര്യയെയും മക്കളെയും മർദ്ദിക്കുകയും വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തയാളെ മക്കളുടെ പരാതിയിൽ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കുണ്ടയം കാരംമൂട് തെക്കേതിൽ വീട്ടിൽ നിസാമുദ്ദീൻ (43) ആണ് അറസ്റ്റിലായത്. പത്തനാപുരം ടൗണിൽ സ്ഥിരമായി മദ്യപിച്ച് ശല്യം ഉണ്ടാക്കുന്ന ഇയാൾ ടൗണിൽ മുറുക്കാൻ കച്ചവടം ചെയ്യുന്ന സ്ത്രീയെ ഉപദ്രവിച്ചതിന് മുൻപും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പത്തനാപുരം എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ഹരിപ്രസാദ്, അസീം എന്നിവർ ചേർന്നാണ് അക്രമാസക്തനായ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.