കരുനാഗപ്പള്ളി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിച്ച് പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിനായുള്ള പച്ചത്തുരുത്ത് പദ്ധതിക്ക് പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് ആദ്യ തൈ നട്ട് നിർവഹിച്ചു. ഹരിത കേരളം മിഷന്റെ ഏകോപനത്തോടെ നടപ്പാക്കുന്ന പദ്ധതി ഖനനത്തിന് ശേഷമുള്ള പരിതസ്ഥിതിയുടെ പുനർനിർമ്മാണം വേഗത്തിലാക്കുമെന്നും പ്രദേശത്തെ പ്രകൃതിയുടെ സ്വാഭാവിക വളർച്ച ത്വരിതപ്പെടുത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. മരങ്ങൾ വളർന്ന് വലുതാകുന്നതോടെ ഒരു ഉദ്യാനമായി പ്രദേശം മാറുമെന്നും ദേശീയ ജലപാത പൂർത്തിയാകുന്നതോടെ ആളുകളെ ആകർഷിക്കുന്ന പാർക്കായി പ്രദേശത്തെ മാറ്റാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ചടങ്ങിൽ ജില്ലാ കളക്ടർ എൻ. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ കൃഷി ഉപമിഷൻ അസി.കോ- ഓർഡിനേറ്റർ സഞ്ജീവ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര, ജില്ലാപഞ്ചായത്ത് മെമ്പർ സി.പി.സുധീഷ് കുമാർ, സംസ്ഥാന കാഷ്യൂ വികസന ഏജൻസി ചെയർമാൻ കെ.ഷിരീഷ് തുടങ്ങിയവർ സംസാരിച്ചു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി.പ്രദീപ്കുമാർ സ്വാഗതവും കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂണിറ്റ് ഹെഡ് എം.യു.വിജയകുമാർ നന്ദിയും പറഞ്ഞു.