കൊല്ലം: സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ രണ്ടാം ഗഡു വൈകുന്നതിന് പുറമേ ഹഡ്കോ വായ്പയും ലഭിക്കാതെ ലൈഫ് പദ്ധതി വീണ്ടും പ്രതിസന്ധിയിൽ. നേരത്തെ സംസ്ഥാന സർക്കാർ വിഹിതം ലഭിക്കാതെ രൂപപ്പെട്ട ബുദ്ധിമുട്ട് 100 കോടി അനുവദിച്ചതോടെ ഒരുപരിധിവരെ പരിഹരിക്കപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാരിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും വിഹിതത്തിന് പുറമേ ഹ‌ഡ്കോയിൽ നിന്നും വായ്പയായി ലഭിക്കുന്ന തുകയിൽ നിന്നും 2.20 ലക്ഷം കൂടി ചേർത്താണ് ലൈഫ് ഗുണഭോക്താക്കൾക്ക് പഞ്ചായത്തുകൾ പലഘട്ടങ്ങളായി 4 ലക്ഷം രൂപ നൽകിയിരുന്നത്. ഉണ്ടായിരുന്ന വീട് പൊളിച്ച് ഈ സാമ്പത്തിക വർഷം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം ആരംഭിച്ച ഭൂരിഭാഗം പേർക്കും പഞ്ചായത്തിന്റെ വിഹിതമാണ് ആദ്യഗഡുവായി നൽകിയത്. ഇതു ഉപയോഗിച്ച് വീടിന്റെ അടിസ്ഥാനം പൂർത്തിയാക്കിയവർ ബാക്കി നിർമ്മാണത്തിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണ്. ഇവർക്ക് നൽകാൻ നയാപൈസയില്ലാത്ത അവസ്ഥയിലാണ് പഞ്ചായത്തുകൾ.

സർക്കാരിന്റെ വാർഷിക പദ്ധതി വിഹിതം ലഭിക്കാത്തതിനാൽ ലൈഫ് ഗുണഭോക്താക്കൾക്കുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം നൽകാനാകുന്നില്ല. 2022ൽ അനുവദിച്ച ഹഡ്കോ വായ്പയുടെ നീക്കിയിരുപ്പ് ഉപയോഗിച്ചാണ് പഞ്ചായത്തുകൾ 2.20 ലക്ഷം വീതം ഗുണഭോക്താക്കൾക്ക് നൽകിയിരുന്നത്. പുതിയ വായ്പയ്ക്കായി സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനം നീളുകയാണ്.

ഒരു ഗുണഭോക്താവിന് ₹ 4 ലക്ഷം

ഹഡ്കോ വായ്പ ₹ 220000

സർക്കാർ വിഹിതം ₹1 ലക്ഷം

പഞ്ചായത്ത് വിഹിതം ₹40,000

ജില്ലാ പഞ്ചായത്ത് വിഹിതം ₹20,000

ബ്ലോക്ക് പഞ്ചായത്ത് വിഹിതം ₹2,0000

ചില പഞ്ചായത്തുകൾ കൂടുതൽ തുക നൽകുന്നു

ഇവിടങ്ങളിൽ ബാക്കി വിഹിതം കുറയ്ക്കും

ബ്ലോക്ക് പഞ്ചായത്ത് വിഹിതം കുറഞ്ഞേക്കും

കേന്ദ്ര സർക്കാർ നൽകിയ ഭീമൻ ടാർജറ്റ് പൂർത്തിയാക്കാൻ കൂടുതൽ തുക നീക്കിവയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ ലൈഫിനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം കുറയാൻ സാദ്ധ്യതയുണ്ട്.