
തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായ ഒണ്ടിക്കാവിൽ പുള്ളുവൻ പാട്ട് നേർച്ച നടത്താൻ ഭക്തജനത്തിരക്കേറി. പുള്ളുവ വിഭാഗത്തിലെ പത്തോളം കുടുംബങ്ങളാണ് പരമ്പരാഗതമായി ക്ഷേത്രത്തിൽ നേർച്ചക്കാർക്കായി പാട്ട് നടത്തിവരുന്നത്.
കാവ് മുറ്റത്ത് തുണി വിരിച്ചിരുന്ന് കാൽ വിരൽ കൊണ്ട് കാലം നിയന്ത്രിക്കുന്ന പുള്ളുവക്കുടം കൊട്ടി പുള്ളുവ വിഭാഗത്തിലെ സ്ത്രീകളായിരുന്നു ആദ്യകാലത്ത് ഇവിടെ പാട്ട് നടത്തിയിരുന്നത്. എന്നാൽ നേർച്ച നടത്താനെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നതോടെ ഒണ്ടിക്കാവിലെ പാട്ട് പൂർണമായും പുരുഷൻമാർ ഏറ്റെടുക്കുകയായിരുന്നു.
നേർച്ചക്കാരുടെ പേര് നക്ഷത്രം എന്നിവ ഉറക്കെ ചൊല്ലി സർപ്പ പ്രീതിക്കായി ഒണ്ടിക്കാവിൽ നടത്തുന്ന പുള്ളുവൻ പാട്ട് വിവിധ ജാതി മതങ്ങളിലുള്ളവർ നേർച്ച സമർപ്പിക്കാറുണ്ട്. ഒണ്ടിക്കാവ് കൂടാതെ പടിഞ്ഞാറെ ആൽത്തറയോട് ചേർന്ന് രണ്ട് സ്ത്രീകളും പുള്ളുവൻപാട്ട് നടത്തുന്നുണ്ട്.