
കരാറെടുക്കാൻ ആളില്ലെന്ന് വിശദീകരണം
കുണ്ടറ: നെടുമ്പായിക്കുളത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിനു മുന്നിൽ അധികൃതർ മുഖം തിരിഞ്ഞു നിൽക്കുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കം ദുരിതത്തിൽ. വർഷങ്ങളായി വല്ലാത്ത അവസ്ഥയിൽ കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന് തിരഞ്ഞെടുപ്പു കാലത്ത് 'അശരീരി' കേൾക്കാറുണ്ടെങ്കിലും പിന്നീടൊന്നും സംഭവിക്കാറില്ല!
തിരുമംഗലം ദേശീയപാതയോരത്തു നിന്ന് ഇടയ്ക്കോട്, മങ്ങാട്ട് പൊയ്ക, മജിസ്ട്രേറ്റ് മുക്ക് വായനശാല, പനവിളഭാഗം, പാൽ സൊസൈറ്റി, കലയാകുളം, മുസ്ലിം പള്ളി ഭാഗം എന്നിവിടങ്ങളിലേക്കെത്താൻ ആശ്രയിക്കേണ്ട റോഡാണിത്. എഴുകോൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഇ.എസ്.ഐ വാർഡ്, 11-ാം വാർഡ് എന്നിവയുടെ സംഗമസ്ഥലം കൂടിയായ പ്രധാന പാതയാണ് പൊളിഞ്ഞു കിടക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചെന്ന തരത്തിൽ കുഴിയുള്ള ഭാഗങ്ങളിലെല്ലാം ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവ അപ്രത്യക്ഷമായി. എന്നാൽ, തുക അനുവദിച്ചത് റോഡിന്റെ മറ്റൊരു ഭാഗത്തേക്കാണെന്നായിരുന്നു വാർഡ് മെമ്പർമാരുടെ വിശദീകരണം. തുടർന്ന് നാട്ടുകാർ പിരിവിട്ട് ഇവിടെ കോൺക്രീറ്റ് ചെയ്തെങ്കിലും റോഡിന്റെ ചരിവും മഴക്കാലത്തെ വെള്ളപ്പാച്ചിലും കാരണം വീണ്ടും പഴയ അവസ്ഥയിലായി. റോഡിന്റെ വശത്ത് ടെലഫോണിന്റെയും മറ്റും കേബിളുകൾ പോകുന്ന ഇരുമ്പ് പൈപ്പുകൾ പൊട്ടി ഉയർന്ന നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. വൃദ്ധർ ഈ പൈപ്പിൽ തട്ടി മറിഞ്ഞുവീണ് പല്ലൊടിഞ്ഞ സംഭവങ്ങൾ വരെ ഉണ്ടായി. വാഹനങ്ങളുടെ ടയറുകൾ കീറുന്നതും പതിവാണ്. റോഡിനെ അത്രകണ്ട് പരിചയമില്ലാത്ത കാൽനട യാത്രികൾ രാത്രികാലത്ത് സമീപത്തെ ഓടയിൽ വീണ് പരിക്കേറ്റ അപകടങ്ങളും ഏറെ. സമീപത്തെ കശുഅണ്ടി ഫാക്ടറിയിലെ മലിനജലം ഒഴുകുന്നത് മൂടിയില്ലാത്ത ഈ ഓടയിലൂടെയാണ്. പ്രദേശത്ത് മതിയായ വെളിച്ചമില്ലാത്തതാണ് മറ്റൊരു ദുരിതം.
സ്കൂളുകളും ആരാധനാലയങ്ങളും
സമീപ പ്രദേശത്തായി 1000ത്തോളം കുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുകൾ, 1500ൽ പരം ഇടവക അംഗങ്ങളുള്ള 3 പള്ളികൾ, നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കശുഅണ്ടി ഫാക്ടറി, പാൽ സൊസൈറ്റി എന്നിവിടങ്ങളിലേക്കുള്ളവർക്ക് ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രാത്രികാലത്ത് അത്യാവശ്യത്തിന് വിളിച്ചാൽ ഒരു ഓട്ടോറിക്ഷ പോലും വരില്ലെന്നതാണ് അവസ്ഥ.
റോഡിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പക്ഷേ ടാറിംഗ് കരാർ എടുക്കാൻ ആരും വരുന്നില്ല. എങ്കിലും അടിയന്തരമായി ഇടപെടൽ നടത്തും
സുഹർ ബാൻ, ഇ.എസ്.ഐ വാർഡ് മെമ്പർ (എഴുകോൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)
..................................
റോഡിന്റെ മറുഭാഗത്താണ് കൃഷിസ്ഥലങ്ങൾ ഉള്ളത്. ആവശ്യമായ വിത്തുകളും വളങ്ങളും ഈ റോഡിലൂടെയെത്തി വാങ്ങാനാവാത്ത സ്ഥിതിയാണ്. കൂടുതൽ ദൂരം താണ്ടി എതിർഭാഗത്തുള്ള കരീപ്ര മേഖലകളിലേക്കാണ് നാട്ടുകാർ പോകുന്നത്. റോഡിന്റെ ദുരവസ്ഥയ്ക്ക് എത്രയം വേഗം പരിഹാരം കാണണം
കെ.കെ. മോനച്ചൻ, ഫാക്ട് ഡീലർ