kj

ആലപ്പുഴ : നാടുവിട്ട് അഭയം തേടി അലയുന്ന ഒരു കുടുംബം. നടന്നുതളർന്ന് ക്ഷീണം കൊണ്ട് മയങ്ങുന്ന പുരുഷൻ. പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്ത് ഇനി എന്തെന്ന ചോദ്യഭാവത്തിലിരിക്കുന്ന സ്ത്രീ. കണ്ണിൽ നിറയുന്ന നിരാശയും സങ്കടവും ... അഭയാർത്ഥി എന്ന വിഷയത്തെ ജീവൻ തുടക്കുന്ന കളിമൺ ശില്പമാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി കറ്റാനം പോപ് പയസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനന്ദു എസ്. ആചാര്യ. ശാസ്ത്രോത്സവത്തിൽ നൽകുന്ന എഡ്യുക്കേഷനൽ മിനിസ്റ്റേഴ്സ് ട്രോഫിയുടെ നിർമ്മാതാവ് കൂടിയാണ് അഭിനന്ദു.

അഞ്ചാംക്ലാസ് മുതൽ ശാസ്ത്ര മേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. പത്താം ക്ലാസു മുതൽ കളിമൺ ശില്പ നിർമ്മാണത്തിൽ പങ്കെടുക്കുന്നു.

കുട്ടിക്കാലം മുതൽ പടംവരയ്ക്കുന്നതിൽ കഴിവ് തെളിയിച്ച അഭിനന്ദു മറ്റാരുടെയും സഹായമില്ലാതെയാണ് ശില്പ നിർമ്മാണം ഉൾപ്പെടെ വരുതിയിലാക്കിയത്. മൂന്നാംക്ലാസു മുതൽ വാഹനങ്ങളുടെയും മറ്റും മിനിയേച്ചറുകൾ നിർമ്മിച്ചു തുടങ്ങി. നാലാംക്ലാസിൽ പഠിക്കുമ്പോൾ 7.5 മില്ലി മീറ്റ‌ർ മാത്രം വലിപ്പമുള്ള ഓച്ചിറ കാളയുടെ രൂപം തടിയിൽ നിർമ്മിച്ചു . ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ കഴിഞ്ഞ

മൂന്നു വർഷങ്ങളായി ബ്രഹ്മവില്ല് നിർമ്മിച്ചു നൽകുന്നത് അഭിനന്ദുവാണ്. വെട്ടിക്കോട് നന്ദനത്തിൽ സുരേഷും സൗമ്യയുമാണ് മാതാപിതാക്കൾ.