കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചിത്വവുമായി ബന്ധപ്പെട്ട പരാതികൾക്ക് വിട. ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ ശുചീകരിക്കാനൊരുങ്ങി ഹരിത കേരള മിഷൻ.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി 24നാണ് മെഗാ ശുചീകരണം. സംസ്ഥാന തലത്തിൽ ഹരിതകേരളം മിഷനും കെ.എസ്.ആർ.ടി.സിയുമായി നടത്തിയ ചർച്ചയിലാണ് സംസ്ഥാനത്തെ 75 ഡിപ്പോകളിൽ മെഗാഡ്രൈവ് നടത്താൻ തീരുമാനിച്ചത്.
കൊല്ലം, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ആര്യങ്കാവ്, കുളത്തൂപ്പുഴ, പത്തനാപുരം, ചാത്തന്നൂർ, ചടയമംഗലം എന്നീ സ്റ്റാൻഡുകളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണം. യൂണിറ്റ് ഓഫീസർമാർക്കും ഡിപ്പോയുടെ ചുമതലയുള്ള മാലിന്യമുക്തം നവകേരളം കോ ഓർഡിനേറ്റർമാർക്കും ഇതിനുള്ള നിർദ്ദേശം കെ.എസ്.ആർ.ടി.സി മാനേജിംഗ്
ഡയറക്ടർ നൽകിക്കഴിഞ്ഞു. ഇതിന് പുറമേ സംസ്ഥാനത്തെ 18 ബസ് സ്റ്റേഷനുകൾ ഖര, ദ്രവ മാലിന്യസംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഹരിത കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളായി മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിൽ കൊല്ലം, കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളാണ് ഹരിത സ്റ്റേഷനുകളായി മാറ്റുന്നതിന്
തിരഞ്ഞെടുത്തിട്ടുള്ളത്.