പടി. കല്ലട: ജില്ലയിൽ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തമിഴ്‌നാട് കവർച്ചാസംഘങ്ങളെ കുറിച്ച് ജാഗരൂകരായി കൊല്ലം റൂറൽ പൊലീസ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനമാകെ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ ശക്തമാക്കിയിരിക്കുകയാണ് റൂറൽ പൊലീസ്.

സംശയാസ്‌പദ സാഹചര്യങ്ങളിൽ പകലും രാത്രിയും കാണപ്പെടുന്നവരിൽ നിന്ന് വിവരങ്ങൾ ആരായുന്നുണ്ട്. ഇതിനിടെ കുറുവ പേടിയെ മുതലെടുക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമിച്ചേക്കുമെന്നും പൊലീസ് സംശയിക്കുന്നു. രാത്രികാലങ്ങളിൽ കുടിവെള്ള പൈപ്പുകൾ തുറന്നുവിടുന്നതും കുട്ടികളുടെ കരച്ചിൽ കേൾപ്പിക്കുന്നതും വീട്ടിൽ നിന്ന് ആൾക്കാരെ പുറത്തിറക്കാനുള്ള തന്ത്രമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വിവരം പൊലീസിനെ അറിയിക്കണമെന്നും റൂറൽ പൊലീസ് പറയുന്നു.