കൊല്ലം: മികച്ച ഗ്രന്ഥശാലകൾക്കും വിവിധ മേഖലയിൽ മികവ് പുലർത്തിയവർക്കും കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകിവരുന്ന പുരസ്‌കാരങ്ങൾ 21ന് രാവിലെ 10.30ന് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളിൽ പുരസ്‌കാര വിതരണം മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനാകും. 2022-23 ലെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്‌കാരം എം.മുകുന്ദനും 2023-24 പുരസ്‌കാരം പ്രൊഫ. എം.ലീലാവതിയും അർഹരായി.

എൻ.എസ്.മാധവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2022ലെ കടമ്മനിട്ട പുരസ്‌കാരം സിൻ എന്ന നോവലിന് ഹരിത സാവിത്രിക്കാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിനും തുടർന്ന് മികച്ച ഗ്രന്ഥശാല പുരസ്‌കാരങ്ങളും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

പത്രസമ്മേളനത്തിൽ പുരസ്‌കാര നിർണയ സമിതി കൺവീനർ ഡോ.പി.കെ.ഗോപൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ എന്നിവർ പങ്കെടുത്തു.