
ആലപ്പുഴ: മത്സരം പൂർത്തിയാക്കി മറ്റുള്ളവർ വേദി വിട്ടിട്ടും കസേരയിലിരുന്ന് വിതുമ്പുകയായിരുന്നു പാലക്കാട് അഗളി ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി പി.സി. ദിവ്യ. കാലാവധി കഴിയാറായ കൃത്രിമകാലുമായി പെട്ടെന്ന് എഴുന്നേൽക്കാൻ അവൾക്കായില്ല. വലതു കാലിലേക്കു നോക്കി കരഞ്ഞ ദിവ്യയെ ആശ്വസിപ്പിക്കാൻ അദ്ധ്യാപകർക്കുമായില്ല.
50,000 രൂപയുടെ പുതിയ കാലിന് സുമനസുകളുടെ കരുണ കാത്തിരിക്കുമ്പോഴാണ് ദിവ്യ സംസ്ഥാന ശാസ്ത്രോത്സവത്തിനെത്തിയത്. എച്ച്.എസ്.എസ് വിഭാഗം മുള ഉത്പന്നങ്ങളുടെ നിർമ്മാണത്തിലായിരുന്നു മത്സരം. അതിൽ എ ഗ്രേഡും നേടി. 10 വർഷം മുമ്പ് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ബസിടിച്ചാണ് ദിവ്യയുടെ കാൽ നഷ്ടമായത്. കടയിൽ നിന്ന അമ്മ കുമാരിയെ കണ്ട് ദിവ്യ സ്‌കൂൾ ബസിൽ നിന്നിറങ്ങി. അമ്മയ്‌ക്കരികിലേക്ക് ഓടുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് കാലിലൂടെ കയറിയിറങ്ങി. തുടർന്ന് മുട്ടിനു താഴെ മുറിച്ചുനീക്കി. ഏഴു മാസം ആശുപത്രിയിലായിരുന്നു. ദിവ്യയുടെ വിരസതമാറ്റാൻ അമ്മൂമ്മ വെള്ളച്ചിയും അപ്പൂപ്പൻ മുത്തുവും ചേർന്നാണ് മുള ഉത്പന്ന നിർമ്മാണത്തിലേക്ക് ശ്രദ്ധതിരിച്ചത്.
ഏഴാം വയസിൽ നാട്ടുകാരുടെ സഹായത്തോടെ ആദ്യത്തെ കൃത്രിമകാൽ വച്ചു. നാലാം ക്ലാസുവരെ സ്‌കൂളിൽ പോകാനായില്ല.
ബി.ആർ.സിയിൽ നിന്ന് അദ്ധ്യാപകർ വീട്ടിലെത്തി പഠിപ്പിച്ചു. ഇതിനകം ആറ് കൃത്രിമ കാലുകൾ മാറ്റി. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ ദിവ്യയെ അച്ഛൻ പാലക്കാട് ചെമ്മന്നൂർ പുത്തൻപുരയിൽ ചന്ദ്രനാണ് സ്കൂളിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. കൂലിപ്പണിക്കാരനായ ചന്ദ്രന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.