aish

കൊല്ലം: കൊട്ടാരക്കര മുൻ എം.എൽ.എയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവുമായ അഡ്വ. പി.ഐഷാ പോറ്റിയെ സി.പി.എം കൊട്ടാരക്കര ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന ഏരിയാ പ്രതിനിധി സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല.

ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. രണ്ടുതവണ കൊട്ടാരക്കരയിൽ നിന്ന് വിജയിച്ച ഐഷാ പോറ്റിക്ക് മൂന്നാമത് അവസരം നൽകേണ്ടെന്നായിരുന്നു പാർട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗത്തെ സ്ഥാനാർത്ഥിയാക്കാൻ ആലോചനയും നടന്നു. ഇതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായതോടെ വീണ്ടും മത്സരിപ്പിച്ചു. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായി. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഐഷാ പോറ്റിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കൊട്ടാരക്കര, തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റികളുടെ ചുമതലയാണ് ഏരിയാ കമ്മിറ്റി ഐഷാ പോറ്റിക്ക് നൽകിയിരുന്നത്. എന്നാൽ രണ്ടിടങ്ങളിലും ഐഷാ പോറ്റിയുടെ ഇടപെടലുകൾ ഉണ്ടായില്ലെന്ന് ഏരിയാ സമ്മേളനത്തിൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.