
കുണ്ടറ: കൊട്ടിയം റൂട്ടിൽ പുന്നമുക്ക് ജംഗ്ഷന് സമീപം റോഡ് സൈഡിൽ നിന്ന മരം കണ്ടെയ്നർ ലോറിയുടെ മുകളിലേക്ക് ഒടിഞ്ഞുവീണു. ആർക്കും പരിക്കില്ല.
ഇന്നലെ രാവിലെ 9.30ന് ആയിരുന്നു അപകടം. കുണ്ടറ ഭാഗത്തു നിന്നു കൊട്ടിയം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ ക്യാബിനും കണ്ടയ്നറിനും ഇടയിൽ വീണതുകൊണ്ട് ലോറിയിൽ ഉള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഈ സമയത്ത് മറ്റു വാഹനങ്ങൾ എത്തായിരുന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. കുണ്ടറയിൽ നിന്നു ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി മരം നീക്കം ചെയ്തു.
അപകട നിലയിൽ നിന്ന ഈ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിനും പൊതുപ്രവർത്തകർക്കും പരാതി നൽകിയിരുന്നതാണ്. പക്ഷേ യാതൊരു നടപടിയും ഉണ്ടായില്ല.