കൊട്ടാരക്കര: പാർട്ടി അംഗങ്ങളും അനുഭാവികളും മനസർപ്പിച്ചപ്പോൾ സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റിയ്ക്ക് എഴുകോണിൽ പൂർത്തിയായത് ചെങ്കട്ടയിലൊരുക്കിയ മനോഹരമായ ആസ്ഥാന മന്ദിരം. 2023 ഫെബ്രുവരി 23ന് മന്ത്രി കെ.എൻ.ബാലഗോപാൽ ശിലാസ്ഥാപനം നടത്തി. മൂന്ന് നിലകളിലായി 3600 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പൂർത്തിയത് വളരെപ്പെട്ടെന്നാണ്. മൂവായിരത്തിൽപ്പരം പാർട്ടി അംഗങ്ങളാണ് ഇതിനായി ആദ്യം മനസർപ്പിച്ചത്. ഓരോ അംഗങ്ങളും അവരുടെ ഒരു ദിവസത്തെ വേതനം കെട്ടിട നിർമ്മാണത്തിനായി നൽകി. കൂടുതൽ തുക നൽകിയവരുമുണ്ട്. രണ്ടാം ഘട്ടത്തിലാണ് അനുഭാവികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വേണ്ടുന്ന സംഭാവനകൾ കണ്ടെത്തിയത്.
ചൈനാകൊട്ടാരത്തിന്റെ മാതൃക
ചെങ്കട്ടകൊണ്ട് നിർമ്മിച്ച കെട്ടിടം പഴയ ചൈനാകൊട്ടാരത്തിന്റെ മാതൃകയിലാണ്. ഏരിയ സെക്രട്ടറിയ്ക്കും മണ്ഡലത്തിലെ എം.എൽ.എയ്ക്കും ഓഫീസ് മുറികൾ, നവമാദ്ധ്യമം, ബഹുജന സംഘടനകൾക്ക് ഉപയോഗിക്കാവുന്ന മുറികൾ, 250 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഏരിയ കമ്മിറ്റി കൂടാനുള്ള മിനി ഹാൾ, വിശ്രമ മുറികൾ, ലൈബ്രറി, ടൊയ്ലറ്റുകൾ, ഉദ്യാനം തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. ഏഴേകാൽ സെന്റിനുള്ളിൽ അത്യാധുനിക സൗകര്യങ്ങളും പഴമയുടെ പ്രൗഢിയും ചേർത്തുകൊണ്ടാണ് സി.പി.എമ്മിന് ആസ്ഥാനമന്ദിരം നിർമ്മിച്ചത്.
ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1985ൽ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി വിഭജിച്ചാണ് നെടുവത്തൂർ ഏരിയ കമ്മിറ്റി രൂപീകരിച്ചത്. ബി.രാഘവനായിരുന്നു ആദ്യ സെക്രട്ടറി. വാടക കെട്ടിടത്തിലാണ് ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങിയത്. 1991ൽ പാർട്ടി അംഗങ്ങൾ വിഹിതം നൽകിയും സംഭാവന ശേഖരിച്ചുമാണ് എഴുകോൺ ജംഗ്ഷനിലായി പഴയൊരു കെട്ടിടവും ഭൂമിയും വിലയ്ക്ക് വാങ്ങിയത്. ഇ.എം.എസ് ഭവനെന്ന പേരിൽ തുടങ്ങിയ കെട്ടിടം പുതിയ സൗകര്യങ്ങളിലേക്ക് മാറിയപ്പോഴും അതേ പേര് നിലനിർത്തി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.