
കൊട്ടാരക്കര: ആദർശ രാഷ്ട്രീയം ഇല്ലാതായെന്നും ഇപ്പോഴുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുറ്ററ 5946-ാം നമ്പർ ശാഖയിൽ പുതുതായി നിർമ്മിച്ച ശാഖാമന്ദിരം സമർപ്പണവും പൊതുസമ്മേളനം ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ 60 വർഷം മുമ്പ് വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നാണ് പഠിച്ചത്. ഭഗവാന് വിശക്കില്ല, പക്ഷേ ഭക്തജനങ്ങൾക്ക് വിശക്കും. അതറിഞ്ഞാണ് ക്ഷേത്ര ഭരണം. പണമില്ലാത്ത സമൂഹമാണ് ഈഴവന്റേത്. തൊഴിലുറപ്പിൽ വരുന്നവരിൽ അധികവും ഈഴവരോ പിന്നാക്കക്കാരോ ആണ്.
നമ്മുടെ സമുദായത്തിൽ വൈദ്യന്മാരും നെയ്ത്തുകാരുമുണ്ടെങ്കിലും ചെത്താണ് കുലത്തൊഴിലെന്ന് സവർണർ എഴുതിവച്ചു. ഈ ജാതി വിവേചനമാണ് ജാതി ചിന്ത ഉണ്ടാകാൻ കാരണമായത്. പല സംഘടനകളും ശക്തമായപ്പോൾ അവർ നമ്മളെ മതേതരക്കാരാക്കി. ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ജാതി വിവേചനവും ഉണ്ടാകും. സംവരണം ഉണ്ടായിട്ടും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും നാം കബളിപ്പിക്കപ്പെടുന്നു. ആർ.ശങ്കറിന് ശേഷം നമുക്ക് ന്യായമായ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശാഖാ പ്രസിഡന്റ് എൻ.സുദർശനൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നിർമ്മാതാവും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ വിനായക അജിത്ത്കുമാർ ചികിത്സാ സഹായ വിതരണം നിർവഹിച്ചു. നിയുക്ത ബോർഡ് അംഗം ജി.വിശ്വംഭരൻ മെരിറ്റ് അവാർഡ് വിതരണം നടത്തി. യോഗം ബോർഡ് അംഗം അഡ്വ. പി.സജീവ് ബാബു മുതിർന്ന ശാഖാ ഭാരവാഹികളെ ആദരിച്ചു. ബോർഡ് അംഗം അഡ്വ. എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് അംഗം അനിൽ ആനക്കോട്ടൂർ, കൊട്ടാരക്കര ടൗൺ ശാഖാ വൈസ് പ്രസിഡന്റ് ദുർഗാ ഗോപാലകൃഷ്ണൻ, വാർഡ് അംഗം ടി.മഞ്ജു, ശാഖാ കമ്മിറ്റി അംഗം കെ.ജയകുമാരി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എസ്.ഉദയകുമാർ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം ആർ.റജികുമാർ നന്ദിയും പറഞ്ഞു. ശാഖാ മന്ദിരത്തിന് സ്ഥലം സംഭാവന ചെയ്ത ഗോപിനാഥൻ- വത്സല ദമ്പതികളെയും ശാഖാ സെക്രട്ടറി എസ്.ഉദയകുമാർ, പ്രസിഡന്റ് എൻ.സുദർശനൻ എന്നിവരെയും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.