എഴുകോൺ : കട്ടൻ കാപ്പിയും കപ്പപ്പുഴുക്കും കഴിച്ച് വീട്ടുമുറ്റത്ത് ഒത്തു ചേർന്ന ഗ്രാമീണ കൂട്ടായ്മയുടെ പുസ്തക ചർച്ചയും കാവ്യ സന്ധ്യയും ശ്രദ്ധേയമായി. സർഗസ്പർശവും വ്യത്യസ്ഥതയും കൊണ്ട് സമ്പന്നമായ കാവ്യ സന്ധ്യയിൽ എഴുകോൺ സന്തോഷിന്റെ ഒസ്യത്തിൽ ഇല്ലാത്ത പൂവ് എന്ന കവിതാ സമാഹാരത്തിന്റേതായിരുന്നു ചർച്ച. കട്ടൻ കാപ്പിയും കപ്പപ്പുഴുക്കും ഒസ്യത്തിൽ ഇല്ലാത്ത പൂവും എന്ന പേരിൽ റിട്ട.സംസ്കൃത അദ്ധ്യാപിക ലതികയുടെ ഇടയ്ക്കിടം മാമൂടിലുള്ള മംഗലത്ത് വീട്ടിലാണ് കാവ്യ സന്ധ്യ നടത്തിയത്. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക മാനങ്ങളുള്ള വിഷയങ്ങളാണ് കവിതയെ ശ്രദ്ധേയമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി. കവി സജീവ് നെടുമൺകാവ് പുസ്തക ചർച്ച നയിച്ചു. മാദ്ധ്യമ പ്രവർത്തകൻ കോട്ടാത്തല ശ്രീകുമാർ, വിശ്വൻ കുടിക്കോട്, ആർ.വരദരാജൻ, ഗോപാലകൃഷ്ണ പിള്ള, അഖിൽ കൃഷ്ണൻ, ഓമന ശ്രീറാം, എ. അജയഘോഷ്, സി.ബാബുരാജൻപിള്ള തുടങ്ങിയവർ സംസാരിച്ചു. എഴുകോൺ സന്തോഷ് സ്വാഗതവും മംഗലത്ത് ലതിക നന്ദിയും പറഞ്ഞു.
കുരീപ്പുഴ ശ്രീകുമാർ, സജീവ് നെടുമൺകാവ്, അജീഷ.എസ്.ശശി, ഗോപാലകൃഷ്ണൻ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ഗ്രാമീണ കലാകാരനും കൽപ്പണി മേശിരിയുമായ പ്ലാക്കോട് മണിക്കുട്ടൻ കാവ്യാലാപനം നടത്തി.
ഗുരുശ്രേഷ്ഠനായിരുന്ന ടി.കെ.രഘുവരന്റെ ഭാര്യ വി.എസ്.സുഭദ്ര, അദ്ധ്യാപകരായ മംഗലത്ത് ലതിക, ഓമന ശ്രീറാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ സ്കൂൾ, കോളേജ് ലൈബ്രറികൾക്ക് വേണ്ടി സ്പോൺസർ ചെയ്ത ഒസ്യത്തിൽ ഇല്ലാത്ത പൂവിന്റെ കോപ്പികൾ പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി.സന്ദീപ്, ഓമന ശ്രീറാം , ഡി.വി. പ്രവീൺ, ടി. മുരളീധരൻ എന്നിവർ കുരീപ്പുഴയ്ക്ക് കൈമാറി.