
കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് 28 വർഷങ്ങൾ പൂർത്തിയാക്കി വെള്ളാപ്പള്ളി നടേശൻ. 1996 നംവബർ 17നാണ് അദ്ദേഹം യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. എസ്.എൻ ട്രസ്റ്റിന്റെ അമരക്കാരനായി വെള്ളാപ്പള്ളി 29-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 1996 ഫെബ്രുവരി 3നാണ് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായത്.
യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് എത്തിയ ശേഷം തന്റെ ബിസിനസുകളെല്ലാം മാറ്റി വച്ച് അദ്ദേഹം ഗുരുദേവ ദർശന പ്രചാരകനും പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സമരങ്ങളുടെ നായകനുമായി മാറുകയായിരുന്നു. ആരെയും ഭയക്കാതെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞു.രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും നിലപാടറിയാൻ കാത്തുനിൽക്കുന്ന പ്രസ്ഥാനമായി യോഗത്തെ മാറ്റി. മൈക്രോ ഫിനാൻസ്, വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങളെ കൈ പിടിച്ചുയർത്തി. ഒരു വിഭാഗം അടിസ്ഥാനരഹിതമായ നുണപ്രചാരണങ്ങൾ അഴിച്ചുവിട്ടിട്ടും അദ്ദേഹം കൂടുതൽ ഭൂരിപക്ഷത്തോടെ വീണ്ടും യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരക്കാരനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
യോഗം ജനറൽ സെക്രട്ടറിയായി അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ 3882 ശാഖകളും 58 യൂണിനുകളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 28 വർഷത്തിനിടയിൽ ശാഖകളുടെ എണ്ണം 6456 ആയും യൂണിയനുകൾ 138 ആയും ഉയർത്തി യോഗത്തിന്റെ വേരുകൾ ആഴത്തിൽ പടർത്തി. ഇതിന് പുറമേ മൈക്രോ യൂണിറ്റുകൾ രൂപീകരിച്ച് കൂടുതൽ സമുദായാംഗങ്ങളെ യോഗത്തിന്റെ സജീവ പ്രവർത്തകരാക്കി. അദ്ദേഹം ചുമതയേൽക്കുമ്പോൾ യോഗത്തിന്റെയും ട്രസ്റ്റിന്റെയും കീഴിൽ 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുസന്ദേശം ഉൾക്കൊണ്ട് 92 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി.
28 വർഷങ്ങൾ പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശന് വിവിധ യൂണിയൻ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ആശംസകൾ നേർന്നു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ എന്നിവർ വെള്ളാപ്പള്ളിയെ പൊന്നാട ചാർത്തി ആദരിച്ചു.