amrith-

കൊല്ലം: ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് ബോധവത്കരണവുമായി അമൃത വിശ്വവിദ്യാപീഠം എ.എം.ആർ വിരുദ്ധ വാക്കത്തോൺ സംഘടിപ്പിച്ചു. 'വാക്ക് ദി ടോക്ക്' എന്ന പേരിൽ അമൃത സ്‌കൂൾ ഒഫ് ബയോടെക്‌നോളജി സംഘടിപ്പിച്ച വക്കത്തോണിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഡോ. അജു ജോസഫ് കുര്യൻ നിർവഹിച്ചു.

അമൃത വിശ്വവിദ്യാപീഠം നടത്തുന്നത് ഒരു വാക്ക് ദി ടോക്ക് എന്നതിലുപരി ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും അതിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമൃത സ്കൂൾ ഒഫ് ബയോടെക്‌നോളജി ഡീൻ ഡോ. ബിപിൻ നായർ സ്വാഗതം പറഞ്ഞു. അമൃതപുരി ക്യാമ്പസിൽ നിന്ന് അഴീക്കൽ ബീച്ച് വരെ 5 കിലോമീറ്റർ ദൂരം സംഘടിപ്പിച്ച വാക്ക് ദി ടോക്കിൽ സർവകലാശാലയിലെ നൂറിലധികം വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു.

നവംബർ 18 മുതൽ 24 വരെ ലോകവ്യാപകമായി ആചരിക്കുന്ന എ.എം.ആർ ബോധവത്കരണ വാരത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജി അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിക്കുന്നത്. അമൃത ലീജൻ ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് മാനേജ്‌മെന്റ് (അലാം 2024) എന്നപേരിൽ സംഘടിപ്പിക്കുന്ന എ.എം.ആർ ബോധവത്കരണ പരിപാടിയുടെ മുന്നോടിയായി നടത്തിയ വാക്ക് ദി ടോക്കിനിടയിൽ വിദ്യാർത്ഥികൾ പൊതുജനങ്ങൾക്കായി ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു. വാക്ക് ദി ടോക്കിൽ പങ്കെടുത്തവർക്ക് ഡോ. ബിപിൻ നായർ എ.എം.ആർ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധിച്ച് അഴീക്കൽ ബീച്ചിൽ നടന്ന സാംസ്കാരിക സായാഹ്നത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കരാക്കെ ഗാനമേളയും തെരുവുനാടകവും അവതരിപ്പിച്ചു.