xp

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ കൈനോട്ടത്തിനെത്തുന്ന കാക്കാത്തിക്കൂട്ടം ഇത്തവണയും ഭക്തജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. വൃശ്ചികോത്സവം ആരംഭിക്കുന്നതോടെ കൈനോട്ടവും പക്ഷിശാസ്ത്രവും കുലത്തൊഴിലാക്കിയ തമിഴ് വംശത്തിലുള്ള പ്രത്യേക വിഭാഗം നാടോടികളാണ് ഭാവി പ്രവചിക്കാൻ ക്ഷേത്ര പടനിലത്ത് പതിറ്റാണ്ടുകളായി എത്തുന്നത്. പ്രായഭേദമന്യേ നിരവധി പേരാണ് ഭാവി നോക്കാൻ ഇവരെ ആശ്രയിക്കുന്നത്. ഇണക്കി വളർത്തിയ തത്തയെ ഉപയോഗിച്ച് ചീട്ടെടുപ്പിച്ചും കൈവെള്ളയിലെ രേഖകളെ അടിസ്ഥാനപ്പെടുത്തിയും ചിത്ര പുസ്തകം തുറപ്പിച്ചുമൊക്കെയാണ് ഇവർ ഫലം പറയുന്നത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണ് കാക്കാത്തിക്കൂട്ടത്തെ ഫല പ്രവചനത്തിനായി കൂടുതലും ആശ്രയിക്കുന്നത്. നല്ലതല്ലാതെ ഒന്നും ഉണ്ടാവുകയില്ലെന്ന പ്രവചനത്തിലൂടെ ഓണാട്ടുകരയിലെ സാധാരണക്കാർക്ക് കഴിഞ്ഞ കാലങ്ങളിൽ വലിയ ഊർജ്ജം നൽകിയ കാക്കാത്തിമാരെ ഇന്നും ഓച്ചിറയിലെത്തുന്ന ഭക്തർക്ക് ഏറെ വിശ്വാസമാണ്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ അൻപതോളം കാക്കാത്തിമാരാണ് ഇത്തവണയും പടനിലത്ത് എത്തിയത്.