കൊല്ലം: ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ അമിത ഉപയോഗം തടയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലോക ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ) ബോധവത്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി.
24 വരെയാണ് ബോധവത്കരണ പരിപാടികൾ. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയാഗം മൂലം രോഗാണുക്കൾ മരുന്നുകളെ പ്രതിരോധിക്കുന്ന സാഹചര്യം ഉണ്ടാകുന്ന സ്ഥിതിയാണ്. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിനും ചികിത്സ സങ്കീർണമാക്കുന്നതിനും ചെലവേറുന്നതിനും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിൽ മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
രോഗം വരുന്നത് തടയുന്നതിലൂടെ ആന്റിബയോട്ടിക്ക് പോലെയുള്ള മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് എ.എം.ആർ നേരിടാൻ ഫലപ്രദമായ മാർഗം. എ.എം.ആർ എല്ലാവരെയും ബാധിക്കുന്ന വിഷയമാെണെന്നും ഏകാരോഗ്യം എന്ന ആശയത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയും ആരോഗ്യ ശുചിത്വ ശീലങ്ങൾ പാലിച്ചും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചും ആന്റി മൈക്രാബിയൽ റസിസ്റ്റൻസ് തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വയം ചികിത്സ പാടില്ല
മുമ്പ് ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ സമാന രോഗലക്ഷണങ്ങൾക്ക് മറ്റാർക്കെങ്കിലും നൽകരുത്
മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് നേരിട്ട് വാങ്ങി കഴിക്കരുത്
ഡോക്ടർ നിർദ്ദേശിക്കുന്ന അളവിലും സമയത്തും മരുന്നുകൾ കഴിക്കുക
നിർദ്ദേശിച്ച അളവിൽ മരുന്ന് കഴിച്ച് പൂർത്തിയാക്കുക
ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അണുബാധകൾ പ്രായഭേദമന്യേ പിടിപെടാം
വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്ക് ഉപയോഗിക്കരുത്