കൊല്ലം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ ഫിംസ് (ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) സോഫ്ട്‌വെയറിൽ 25നകം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും മൊബൈൽ നമ്പരും ഫിഷറീസ് ഓഫീസിൽ നൽകണം. ജില്ലയിലെ മയ്യനാട്, തങ്കശേരി, നീണ്ടകര, ചെറിയഴീക്കൽ, കുഴിത്തുറ, കെ.എസ് പുരം, പടപ്പക്കര ഫിഷറീസ് ഓഫീസുകളിലും രേഖകൾ സമർപ്പിക്കണം.
ക്ഷേമനിധി ബോർഡ് പാസ് ബുക്കിൽ 12 അക്ക ഫിംസ് ഐ.ഡി നമ്പർ രേഖപ്പെടുത്തിയിട്ടുള്ളവരും 2023-24 വർഷത്തെ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ വിഹിതം അടച്ചവരും രേഖകൾ സമർപ്പിക്കേണ്ടതില്ല.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി, അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി, സാന്ത്വനതീരം പദ്ധതി, ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്ഷേമനിധി ബോർഡ് അംഗത്വമുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിംസ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്തണമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.