കൊല്ലം: ശ്രീനാരായണീയരുടെ പുണ്യദിനമായ ശിവഗിരി തീർത്ഥാടന ദിനമായ ഡിസംബർ 31ന് പൂർണ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് എസ്.എൻ.ഡി.പി ഏകോപന സമിതി കേന്ദ്ര കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏകോപന സമിതി രേഖാമൂലം നൽകി. നീണ്ട 28 വർഷം തുടർച്ചയായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച് റെക്കാഡ് സൃഷ്ടിച്ച വെള്ളാപ്പള്ളി നടേശനെ യോഗം അഭിനന്ദിച്ചു. കടയ്ക്കാവൂർ ഗാർഡൻസിൽ ചേർന്ന കേന്ദ്ര കൗൺസിൽ യോഗത്തിൽ ഏകോപന സമിതി ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ (ന്യൂഡൽഹി) പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രബോധ്.എസ്.കണ്ടച്ചിറ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ആർ.രാജു, കെ.ശാന്തകുമാർ, പി.ജി.ശിവബാബു, ക്ലാവറ സോമൻ, സി.വി.മോഹൻ കുമാർ, തഴവ സത്യൻ, രാജു ഇരിഞ്ഞാലക്കുട, കുമളി സോമൻ, തലശേരി സുധാകർജി, ഷാജിലാൽ കരുനാഗപ്പള്ളി, കെ.ബി.സുഭാഷ്, സുരേഷ് അശോകൻ എന്നിവർ സംസാരിച്ചു.