art

കൊല്ലം: വരകൾക്കും വർണങ്ങൾക്കും ഹൃദയമാകാനും ഹൃദയതാളമാകാനും കഴിയും. പ്രകൃതിയുടെ ഹൃദയത്തിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോകാനാകും. കടപ്പാക്കട എം.വി ദേവൻ ആർട്ട് ഗാലറിയിൽ പ്രകൃതിയുടെ ഹൃദയത്തിലേക്ക് തീർത്ഥയാത്ര നടക്കുന്നു. ഇവിടുത്തെ ചുവരുകളിൽ നിറഞ്ഞിരിക്കുന്ന സർഗരചനകളിൽ ഇത്തിരി നേരമൊന്ന് നോക്കിയിരുന്നാൽ കാതിൽ പ്രകൃതിയുടെ ഹൃദയസ്പന്ദനം കേൾക്കാം.

ആർട്ട് ഗാലറിയിലെത്തുന്ന ആസ്വാദകന്റെ കണ്ണിൽ ആദ്യം തറയ്ക്കുന്നത് ടി.ഷീലയുടെ സർവവ്യാപിയായ ബുദ്ധനാണ്. ബുദ്ധനിലൂടെ ഷീല മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴചേരലിന്റെ കടലാഴം തുറന്നിടുകയാണ്. ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ബൈജു പുനുക്കൊന്നൂരിന്റെ മൂന്ന് ബുദ്ധന്മാർ. അതിലൊന്ന് ഇവിടെ ജീവിച്ചിരുന്ന ബുദ്ധനാകാം. രണ്ടാമത്തേത് എല്ലാ മനുഷ്യഹൃദയങ്ങളിലുമുള്ള ബുദ്ധൻ. മൂന്നാമത്തേത് പ്രകൃതിയിൽ അലിഞ്ഞ ബുദ്ധൻ. ഇങ്ങനെ ഒരായിരം വ്യാഖ്യാനങ്ങൾക്കുള്ള ആകാശം മൂന്ന് ബുദ്ധന്മാർ തുറന്നിടുന്നു.

തൊട്ടടുത്ത് ആകാശം നോക്കി ശാന്തയായി വിശ്രമിക്കുന്ന സർവസ്വതന്ത്രയായ സ്ത്രീയാണ്. നക്ഷത്രങ്ങൾക്ക് നേരെ മന്ദഹാസത്തോടെ കിടക്കുന്ന ആ സ്ത്രീയുടെ ശരീരഭാഷയിൽ ബൈജു പുനുക്കൊന്നൂർ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ എല്ലാ മുദ്രാവാക്യങ്ങളും നിറച്ചിട്ടുണ്ട്. ഇങ്ങനെ 20 കലാപ്രതിഭകളുടെ 67 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഈമാസം 24 വരെ പ്രദർശനം തുടരും. രാവിലെ 10 മുതൽ രാത്രി ഏഴ് വരെയാണ് പ്രദർശനം.

കൊല്ലം നഗരത്തിലെ പുതിയ സാംസ്കാരിക ഇടം

കഴിഞ്ഞ പത്ത് വർഷമായി പള്ളിമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എം.വി ദേവൻ കലാഗ്രാമത്തിന്റെ കൊല്ലം നഗരത്തിലേക്കുള്ള ചുവടുവയ്പാണ് കടപ്പാക്കട എം.വി ദേവൻ ആർട്ട് ഗാലറി. ഇവിടുത്തെ വാളുകളിൽ 150 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കാം. ചിത്രങ്ങൾക്ക് മിഴിവ് പകരാൻ പ്രത്യേക പ്രകാശ സംവിധാനവുമുണ്ട്. വിദ്യാർത്ഥികളുടെ പെയിന്റിംഗുകളുടെ പ്രദർശനത്തിന് ഈ ആർട്ട് ഗാലറിയിൽ സൗജന്യമായി ഇടം ലഭിക്കും. പ്രദർശനത്തിന് പുറമേ സാംസ്കാരിക കൂട്ടായ്മകൾക്കും സംവാദങ്ങൾക്കും അനുയോജ്യമായ ഇടമാണ്. സിദ്ധാർത്ഥ ഫൗണ്ടേഷനാണ് ആർട്ട് ഗാലറി സജ്ജമാക്കിയിരിക്കുന്നത്.