dbc

 ഡി.ബി കോളേജ് വജ്രജൂബിലി ആഘോഷത്തിന് തുടക്കം

കൊല്ലം: ദേശീയ തലത്തിൽ മികച്ച 200 സ്ഥാപനങ്ങളെടുത്താൽ അതിൽ നാലിലൊന്നും കേരളത്തിലെ കോളേജുകളായിരിക്കുമെന്നും വിദേശ വിദ്യാർത്ഥികളെയടക്കം ആകർഷിക്കും വിധം കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ശാസ്താംകോട്ട ഡി.ബി കോളേജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല മാറ്റത്തിന്റെ പാതയിലാണ്. കേരള - മഹാത്മാഗാന്ധി സർവകലാശാലകൾക്ക് ദേശീയതലത്തിൽ 'നാക്കി'ന്റെ എ.പ്ലസ്.പ്ലസ് അംഗീകാരമാണുള്ളത്. കൂടാതെ മറ്റൊരു ദേശീയ ഏജൻസിയുടെ റാങ്കിംഗിൽ ഒൻപതാം സ്ഥാനത്ത് കേരളയും പത്താം സ്ഥാനത്ത് കുസാറ്റും 43 -ാം സ്ഥാനത്ത് കാലിക്കറ്റ് സർവകലാശാലകളുണ്ട്. സർക്കാർ കോളേജുകളും മികച്ച നിലവാരം പുലർത്തുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സ്വാഗതഗാന പ്രകാശനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, മുൻ എം.പി അഡ്വ. കെ.സോമപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.സി.പ്രകാശ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ.അജികുമാർ, ജി.സുന്ദരേശൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ജി.മുരളീധരൻ, പി.എസ്.ഗോപകുമാർ, കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫസർ കെ.എസ്.അനിൽകുമാർ, വിവിധ പഞ്ചായത്ത് - സംഘാടക സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് കോളേജിൽ ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെ നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ മന്ത്രി ജെ.ചിഞ്ചുറാണിയും നാളെ നടക്കുന്ന മാദ്ധ്യമ സെമിനാറിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുക്കും.