
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലാക്കി. കൊല്ലം മീനാട് ആനാംചാലിൽ ചരുവിള പുത്തൻ വീട്ടിൽ ബല്ലാക്ക് എന്നറിയപ്പെടുന്ന വിനീഷാണ് (27) അറസ്റ്റിലായത്. 2020 മുതൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനീഷ്.
രണ്ട് മാസം മുമ്പ് ചാത്തന്നൂർ ജംഗ്ഷനിലെ ബേക്കറിയിലെ ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ പുലർച്ചെ നെടുമ്പനയിൽ നിന്ന് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും മജിസ്ട്രേറ്റും കൂടിയായ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ജി.ഷാജി, ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, കണ്ണൻ, സി.പി.ഒമാരായ രാജീവ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.