കടയ്ക്കൽ : എം.പി യുടെ പ്രാദേശിക വികസന ഫണ്ടിനെ സംബന്ധിച്ച് സി.പി.ഐ ചടയമംഗലം മണ്ഡലം സെക്രട്ടറി നടത്തിയ പരാമർശം അടിസ്ഥാനരഹിതമാണ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിൽ മാത്രം കഴിഞ്ഞ കാലയളവിൽ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 13 പദ്ധതികളിലായി 65 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 11 എണ്ണവും എൽ.ഡി.എഫ്, ബി.ജെ.പി പ്രതിനിധികളുടെ വാർഡിലാണ് അനുവദിച്ചത്. യു.ഡി.എഫ് മെമ്പർ പ്രതിനിധീകരിക്കുന്ന കണ്ണങ്കോട് വാർഡിൽ മാത്രം ഈ കാലയളവിൽ 12.5 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ചടയമംഗലം ഗവ.എൽ.പി.എസിന് സ്‌കൂൾ ബസും മഹാത്മാ ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂളിന് 5 കമ്പ്യൂട്ടറും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ചടയമംഗലം പഞ്ചായത്തിന് അർഹതപ്പെട്ട വിഹിതം നൽകി പ്രാദേശിക വികസനത്തിൽ പങ്കാളിയായ ജനപ്രതിനിധിക്കെതിരെ നടത്തിയ പ്രതികരണം ദുരുദ്ദേശപരമാണ്.
പ്രാദേശിക വികസനത്തിനായി പരിമിതമായ ഫണ്ട് മാത്രമാണ് എം.പിക്ക് ഒരു വർഷം ലഭിക്കുന്നത്. പൊതുഫണ്ട് ഇനത്തിൽ ഒരു വർഷം ഒരു അസംബ്ലി നിയോജകമണ്ഡലത്തിൽ ചെലവഴിക്കാൻ കിട്ടുന്നത് 53 ലക്ഷം രൂപ മാത്രമാണ്. എന്നാൽ ഒരു നിയമസഭാംഗത്തിന് ലഭിക്കുന്നത് ഒരു വർഷം 6 കോടി രൂപയും.
ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം ഉൾപ്പെടെ ഒരു പദ്ധതി നിർദ്ദേശം പോലും എം.പി യുടെ പരിഗണനയ്ക്കായി സമർപ്പിക്കാൻ ചടയമംഗലം പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. വികസന പ്രവർത്തനങ്ങളിൽ എം.പിക്ക് രാഷ്ട്രീയ വിലക്ക് നടപ്പാക്കിയിരിക്കുകയാണ്. സങ്കുചിതമായ പാർട്ടി താല്പര്യം വെടിഞ്ഞ് വിശാലമായ പൊതു വീക്ഷണത്തോടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സി.പി.ഐ തയ്യാറാകണമെന്നും
കൊടിക്കുന്നിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.