
കൊല്ലം: പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് ചിലനേതാക്കൾ പറഞ്ഞാൽ ഈ നാട്ടിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം എഴുകോണിൽ സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എല്ലാവരും ആദരിക്കുന്ന ആളായിരുന്നു പാണക്കാട് തങ്ങൾ. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെപ്പറ്റിയാണ്. തങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ലീഗ് അണികൾക്ക് തുള്ളൽ. അവരുടെ ഭാഷ ആരുടേതാണ്. അത് തീവ്രവാദികളുടേതാണ്. ആ ഭാഷയുമായി ഇങ്ങോട്ട് വരേണ്ട. ഞങ്ങൾ വർഗീയതയ്ക്ക് എതിരാണ്. ആർ.എസ്.എസിനെയും സംഘപരിവാർ ശക്തികളെയും മാത്രമല്ല, എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ളാമിയെയും എതിർക്കും. കാരണം അവരുടേത് വർഗീയ നിലപാടാണ്. ഒരു വർഗീയതയ്ക്കും ഞങ്ങൾ സന്ധിചെയ്യില്ല.
തലശേരി കലാപത്തിൽ പലരുടെയും സ്വത്ത് നഷ്ടപ്പെട്ടെങ്കിൽ സി.പി.എമ്മിന് നഷ്ടപ്പെട്ടത് ഒരു ആരാധനാലയം സംരക്ഷിക്കാൻ ശ്രമിച്ച യു.കെ.കുഞ്ഞിരാമനെന്ന സഖാവിനെയാണ്. നാല് വോട്ടിനുവേണ്ടി വർഗീയതയ്ക്ക് പിന്നാലെ പോകുന്നവരല്ല സി.പി.എമ്മും ഇടതുപക്ഷവും. വയനാട്ടിൽ പ്രിയങ്കാഗാന്ധി മത്സരിക്കുമ്പോൾ പരസ്യ പിന്തുണയുമായി എസ്.ഡി.പി.ഐ എത്തി. നിങ്ങൾ വർഗീയതയുടെ ആളുകളാണ്, ഞങ്ങൾക്ക് പിന്തുണവേണ്ടെന്ന് പറയാൻ കോൺഗ്രസിന് കഴിഞ്ഞോ?. പണ്ട് തലശേരി ഉപതിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ടെന്ന് ഇ.എം.എസ് പറഞ്ഞത് ഓർമ്മയില്ലേ. വർഗീയതയ്ക്കെതിരെ കൃത്യവും വ്യക്തവുമായ നിലപാട് വേണം.
എതിർക്കേണ്ടതിനെ എതിർക്കാതിരിക്കുന്ന കോൺഗ്രസ് നിലപാട് അണികളിൽ സ്വീകാര്യമാണെന്ന പൊതുബോധമുണ്ടാക്കി. അതാണ് കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിലും സംഘപരിവാറിന് അനുകൂലവഴിയാെരുക്കിയത്. ആർ.എസ്.എസായ ഒരാൾ ഇപ്പോൾ കോൺഗ്രസിലേക്ക് വന്നു. അഖിലേന്ത്യാ നേതൃത്വമെത്തി സ്വീകരിക്കുന്നു. ഇത് യു.ഡി.എഫ് അണികളിൽ അസ്വസ്ഥതയുണ്ടാക്കി. ന്യൂനപക്ഷങ്ങൾക്കും കടുത്ത വികാരം ഉണർന്നു. തിരുത്താനുള്ള വഴി ആലോചിച്ചാണ് നേരെ മലപ്പുറത്തെത്തിച്ചത്. പാണക്കാട് തങ്ങളെ കാണിച്ചാൽ ലീഗ് അണികൾ ശാന്തരാകുമെന്നാണ് കണക്കുകൂട്ടൽ.
ബാബറി മസ്ജിദ് തകർത്തത് സംഘപരിവാറാണെങ്കിലും ഒത്താശ ചെയ്തത് കോൺഗ്രസാണെന്നത് മറക്കരുത്. ആ കോൺഗ്രസിനൊപ്പം ചേർന്ന് ലീഗ് ഇവിടെ ഭരണം നടത്തി. ലീഗിന് പ്രധാനം മന്ത്രിസ്ഥാനമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.എബ്രഹാം അദ്ധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, പി.കെ.ഗുരുദാസൻ, കെ.രാജഗോപാൽ, ഏരിയ സെക്രട്ടറി ജെ.രാമാനുജൻ എന്നിവർ സംസാരിച്ചു.