എഴുകോൺ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ തങ്ങളെക്കുറിച്ച് പറയരുതെന്ന് പറഞ്ഞാൽ അതീ നാട്ടിൽ ചെലവാകില്ല. പാണക്കാടെ തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. വർഗീയ തീവ്രവാദ കക്ഷികളുടെ ഭാഷയും സ്വീകരിച്ചു കൊണ്ട് ഇങ്ങോട്ട് വരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് എഴുകോണിൽ ഉദ്ഘാടനം ചെയ്ത ശേഷം പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വർഗീയതയും മറ്റൊരു വർഗീയതയെ ശക്തിപ്പെടുത്തും. ആർ. എസ്. എസിനെയും എസ്.ഡി.പി.ഐയെയും ജമാ അത്തെ ഇസ്ലാമിയെയും സി.പി.എം ഒരേ പോലെ എതിർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആർ.എസ്. എസുകാരെ ആർ.എസ്.എസുകാരായി തന്നെ കോൺഗ്രസ് സ്വീകരിക്കുകയാണെന്നും അങ്ങനെ ഒരു സ്വീകരണമാണ് പാലക്കാട്ട് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽ യു.ഡി.എഫ് അണികളിൽ വലിയ അമർഷമുണ്ട്. ഇത് തണുപ്പിക്കാനാണ് അയാളെ മലപ്പുറത്തെ പാണക്കാട്ടേക്ക് എത്തിച്ചത്. അങ്ങനെ ചെയ്താൽ അണികളുടെ അമർഷം ഇല്ലാതാകുമെന്ന തെറ്റായ രാഷ്ട്രീയ വിലയിരുത്തലിലാണ് യു.ഡി.എഫ്.
സി.പി.എം ഒരു കാലത്തും വർഗീയതയോട് സമരസപ്പെട്ടിട്ടില്ല. മതനിരപേക്ഷത അവകാശപ്പെട്ടിട്ട് കാര്യമില്ല. വർഗീയതയോട് സന്ധി ചെയ്യാതിരിക്കുകയാണ് വേണ്ടത്. ആർ.എസ്.എസിന്റെ വർഗീയതയെ നേരിടാനാകാതെ പോയതാണ് കോൺഗ്രസിന്റെ തകർച്ച. നെഹ്റുവിന്റെ കാലത്തും വർഗീയതയോട് സന്ധി ചെയ്ത കോൺഗ്രസ് നേതാക്കളുണ്ട്. രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ് ബി.ജെ.പി.യെന്നും ഭരണഘടനാ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.