കടയ്ക്കൽ: ഗ്രീൻഫീൽഡ് ഹൈവേ 744ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ധാരണപ്രകാരം ഹൈവേ നിർമ്മാണത്തിന്റെ 25ശതമാനം തുക സംസ്ഥാന സർക്കാർ വിഹിതമായി നൽകണം. എന്നാൽ ഗ്രീൻഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് വിഹിതം നൽകുന്ന ബാദ്ധ്യതയിൽ നിന്ന് സംസ്ഥാന സർക്കാർ ഏകപക്ഷീയമായി പിൻമാറി. വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ 3ഡി വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷമുള്ള സംസ്ഥാന സർക്കാരിന്റെ പിൻമാറ്റം തുടർ നടപടികളെ ദോഷകരമായി ബാധിച്ചു. പകരം കേന്ദ്രം മുന്നോട്ട് വച്ച ജി.എസ്.ടി, റോയാൽറ്റി ഇളവ് സംബന്ധിച്ച തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാർ ഒരു വർഷക്കാലം സമയമെടുത്തു. മാസങ്ങൾ കഴിഞ്ഞാണ് തീരുമാനം കേന്ദ്രത്തെ അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ കാലതാമസം കൊണ്ട് പല വസ്തുക്കളുടെയും 3 എ വിജ്ഞാപനം റദ്ദായി. ജി.എസ്.ടി, റോയാൽറ്റി ഇളവ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ നടത്തിയ ചർച്ചയുടെ ഭാഗമായിട്ടാണ് കെട്ടിടങ്ങളുടെ പഴക്കത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. ഗ്രീൻഫീൽഡ്‌ഹൈവേ വികസനം നടക്കുന്ന പ്രദേശത്തെ എം.പിയുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായം ആരായാതെ പ്രദേശത്തെ ഭൂഉടമകൾക്ക് ദോഷകരമായ വിധത്തിൽ തീരുമാനം കൈക്കൊണ്ടത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ സങ്കുചിത രാഷ്ട്രീയ നിലപാടുകളിൽ നിന്ന് മാറി വികസനം സാദ്ധ്യമാക്കുവാൻ തുറന്ന മനസോടെ പ്രവർത്തിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.