jala

കൊല്ലം: അസാം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷിച്ചത്. അഞ്ചൽ ചന്തമുക്കിന് സമീപുള്ള അറഫ ചിക്കൻ സ്റ്റാളിൽ ജോലി ചെയ്തിരുന്ന അസാം സ്വദേശി ജലാലുദ്ദീനെ (24) കൊലപ്പെടുത്തിയ കേസിൽ അസാം മധ്യസാൽവാരി സ്വദേശി അബ്ദുൾ അലിയെയാണ് (24) ശിക്ഷിച്ചത്.

ഒരേ ചിക്കൻ സ്റ്റാളിലെ തൊഴിലാളികളായിരുന്നു ജലാലുദ്ദീനും അബ്ദുൾ അലിയും. ചിക്കൻ സ്റ്റാളിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം. അബ്ദുൾ അലി കൂടുതൽ സമയം മൊബൈലിൽ നോക്കിയിരിക്കുന്നത് ജലാലുദ്ദീൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ 2020 ഫെബ്രുവരി 5ന് പുലർച്ചെ 5ന് കോഴിയെ വെട്ടുന്ന കത്തി ഉപയോഗിച്ച് അബ്ദുൾ അലി ജലാലുദ്ദീനെ വെട്ടി പരിക്കേൽപ്പിച്ചെന്നാണ് കേസ്. ദേഹമാസകലം 43 വെട്ടുകളേറ്റ ജലാലുദ്ദീൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിലവിളി കേട്ടുണർന്ന മറ്റ് തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടിരക്ഷപ്പെട്ടു. പിന്നീട് മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നവമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു. ഇതിന് ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.

സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു. അ‌ഞ്ചൽ സി.ഐ ആയിരുന്ന സി.എൽ.സുധീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.