കൊല്ലം: റേഷൻ വ്യാപാരികളുടെ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലേ കമ്മിഷൻ തുക ഉടൻ അനുവദിക്കുക, സർക്കാർ പ്രഖ്യാപിച്ച ഓണക്കാല ഉത്സവബത്ത അടിയന്തിരമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേഷൻ ഡീലേഴ്‌​സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്കിലെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് ധർണ നടത്തി. താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ നടന്ന ധർണ എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി പറക്കുളം സലാം മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് എസ്. രതീഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വിപിൻ മോഹൻ സ്വാഗതം പറഞ്ഞു. ജില്ല നേതാക്കളായ രഥൻ, ബാബു ശക്തികുളങ്ങര, സത്യശീലൻ പിള്ള, ജഹാഗീർ, ശശിധരൻ പിള്ള, ഷമിൽ രാജ്, സുലേഖ എന്നിവർ സംസാരിച്ചു.