എഴുകോൺ : സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എഴുകോണിനെ ചെങ്കടലാക്കി. എഴുകോണിന്റെ ഹൃദയ ഭാഗത്ത് ബഹുനില ആസ്ഥാന മന്ദിരം ഉയർന്നതിൽ അത്യാഹ്ലാദത്തിലായിരുന്നു പാർട്ടി പ്രവർത്തകർ. എക്കാലവും ഇടതിന്റെ കോട്ടയായിരുന്ന നെടുവത്തൂരിലെ ഏരിയ ഓഫീസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ എത്തിയത് ആവേശം ഇരട്ടിയാക്കി.കല്ലുംപുറം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. നെടുവത്തൂരിലെ പാർട്ടിയുടെ ശക്തിയായ തൊഴിലാളികളുടെയും കർഷകരുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം ദൃശ്യമായി.കൃത്യതയാർന്ന ചുവടുവയ്പുകളോടെയുള്ള ചുവപ്പ് സേന പരേഡും ശ്രദ്ധേയമായി.31 അംഗങ്ങൾ വീതമുള്ള 11 പ്ലാറ്റൂണാണ് ഉണ്ടായിരുന്നത്.വനിതകളുടെതായിരുന്നു ഒരു പ്ലാറ്റൂൺ.
പി.കെ.ഗുരുദാസൻ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, കെ.രാജഗോപാൽ, കെ.വരദരാജൻ, കെ. സോമപ്രസാദ് തുടങ്ങി ജില്ലയിലെ മുതിർന്ന സംസ്ഥാന നേതാക്കളടക്കമുള്ള വൻ നിര ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്തരിച്ച മുൻകാല നേതാക്കളായ ബി. രാഘവന്റെയും ജി.ആർ.രമണന്റെയും കുടുംബാംഗങ്ങളും ചടങ്ങിന്റെ ഭാഗമായി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ.എബ്രഹാം, ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, നിർമ്മാണ കമ്മിറ്റി കൺവീനർ എം.എസ്. ശ്രീകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് എസ്.ആർ. അരുൺബാബു തുടങ്ങിയവരുടെ മുഖ്യ ചുമതലയിൽ പാർട്ടി ഒറ്റക്കെട്ടായി നിന്ന് 18 മാസക്കാലം കൊണ്ടാണ് അഭിമാന സൗധം പടുത്തുയർത്തിയത്.