
കൊല്ലം: വൃശ്ചികോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ ചവറ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ നടന്ന തിരുവാതിര ശ്രദ്ധേയമായി. ഉച്ചയ്ക്ക് 12നാണ് പൊന്മന യുവജന സമിതിയുടെ നേർച്ചയായി ചവറ വട്ടത്തറ ശിവദം ഗ്രൂപ്പിന്റെ തിരുവാതിരകളി അരങ്ങേറിയത്. പത്തിലേറെ അംഗനമാരാണ് തിരുവാതിരയിൽ പങ്കെടുത്തത്.
വൈകിട്ട് 4.30ന് നടന്ന തോറ്റംപാട്ട് കാണാനും കേൾക്കാനുമായി നിരവധി ഭക്തരാണ് എത്തിയത്. ദേവിയുടെ ഭർത്താവായ ബാലകന്റെ ജനനസാഹചര്യ വർണനയും ജനനവുമാണ് തോറ്റംപാട്ടിലൂടെ അവതരിപ്പിച്ചത്. രാത്രി 7ന് പൊന്മന ചാത്തൻതെരുവ് സുഹൃത്തുക്കളുടെ നേർച്ചയായി പന്മന കൃഷ്ണായനം ശിവശക്തി കളരിപ്പയറ്റ് സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ക്ഷേത്രത്തിലെത്തിയവർക്ക് പുതിയ അനുഭവമായി. കുട്ടികളുൾപ്പെട്ട സംഘമാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്. പരിപാടിക്ക് ശേഷം കളരിപ്പയറ്റ് അവതരിപ്പിച്ച സംഘത്തെ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
തുടർന്ന് രാത്രി 8ന് തിരുവാതിരയും 10ന് സിനിമ സീരിയൽ താരങ്ങൾ അണിനിരന്ന ഫന്റാസ്റ്റിക് കോമഡിഷോ എന്ന പരിപാടിയും അരങ്ങേറി. അഞ്ചാം ദിവസമായ ഇന്ന് പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് 7ന് വനിതാസമ്മേളനം നടക്കും.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോൺ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുഷൃഷ്ണ, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി.സിന്ധുമോൾ, ചിറ്റൂർ പഞ്ചായത്ത് അംഗം ബി.സുകന്യ, പന്മന സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രമാദേവി എന്നിവർ പങ്കെടുക്കും.