x-p

തഴവ: പ്രകൃതി ആരാധനയ്ക്ക് പേരുകേട്ട ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവം തുടങ്ങിയതോടെ ചെളി പ്രസാദത്തിന് ആവശ്യക്കാരേറി.വാസ്തു ദോഷം, ഗൃഹദോഷം, ദുസ്വപ്നാടനം, വിവിധ ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ക്ഷേത്രത്തിലെ ചെളി പ്രസാദം ഇന്നും പതിനായിരങ്ങൾ ഉപയോഗിച്ചുവരുന്നു.

ഒണ്ടിക്കാവിന് കിഴക്ക് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചുവരുന്ന പ്രസാദക്കുഴിയിൽ നിന്നാണ് ആരാധനാ ആൽത്തറകളിലേക്കുള്ള ചെളിയെടുക്കുന്നത്. കിഴക്ക് പടിഞ്ഞാറ് ആൽത്തറകളിൽ സ്ഥാപിച്ചിട്ടുള്ള തൊടികളിൽ സാധാരണയായി മാസത്തിൽ ഒരിക്കലാണ് ചെളി നിറയ്ക്കുന്നത്. എന്നാൽ വൃശ്ചികമാകുന്നതോടെ ഇത് ദിവസങ്ങൾക്കുള്ളിൽ കാലിയാകും. വ്രതശുദ്ധിയോടെയാണ് ചെളിയെടുപ്പിന് പ്രസാദക്കുളത്തിൽ ഇറങ്ങുന്നത് .പ്രസാദക്കുഴിയിൽ സന്ദർശകരോ ഭക്തജനങ്ങളോ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണ്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്ന ആദ്യ സിമന്റ് മിശ്രിതത്തിൽ ചെളിപ്രസാദം കലർത്തുന്ന പതിവ് ഓണാട്ടുകരയിൽ വ്യാപകമാണ്.