കൊല്ലം: 'പായിക്കട റോഡിൽ നേരത്തെ ഇന്നുള്ളതിന്റെ ഇരട്ടി മൊത്തവ്യാപാര സ്ഥാപനങ്ങളുണ്ടായിരുന്നു. അന്ന് കൈനിറയെ ജോലിയും കൂലിയും ലഭിച്ചിരുന്നു. ഇന്നിപ്പോൾ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിതം താങ്ങിനിറുത്താൻ പെടാപ്പാട് പെടുകയാണ്', വെയിലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ ചുമലേറിയ ജീവിത ഭാരത്തിന് ഒന്നും താങ്ങാവുന്നില്ല". ചുമടെടുപ്പിനിടെ അണപ്പോടെ ഷാജഹാൻ പറഞ്ഞു.
20 ഉം 25 ഉം പേർ ദിവസവും ജോലി ചെയ്തിരുന്ന പൂളിൽ ഇന്ന് ടേൺ സമ്പ്രദായമായി. പത്തുപേർ വീതം രണ്ട് ദിവസങ്ങളിലായാണ് ജോലി. 6000 മുതൽ 12000 രൂപ വരെയാണ് മാസം കിട്ടുന്നത്. 4000 രൂപ തികച്ച് കിട്ടാത്ത മാസങ്ങളുമുണ്ട്. കുടുംബത്തിലെ എല്ലാ ആവശ്യങ്ങൾക്കും കൂലി തികയാത്തതിനാൽ മറ്റ് തൊഴിലുകൾക്കും പോയാണ് കുടുംബം പുലത്തുന്നത്. ജോലി കുറഞ്ഞതോടെ പുതുതായി വന്ന പലരും മേഖല വിട്ടു. ചെറുപ്പക്കാരും ഈ രംഗത്തേക്ക് കടന്നുവരുന്നില്ല. ചാമക്കട, പായിക്കട റോഡ്, മെയിൻ റോഡ്, താമരക്കുളം, എസ്.എം.പി പാലസ് റോഡ്, എഫ്.സി.ഐ, ആണ്ടാമുക്കം എന്നിവിടങ്ങളിലെല്ലാം തൊഴിലാളികളുടെ എണ്ണം കുറഞ്ഞു.
ജില്ലയിൽ നിലവിൽ പതിനായിരത്തോളം ചുമട്ട് തൊഴിലാളികളാണുള്ളത്. ഇതിൽ നാലായിരത്തോളം പേർ ക്ഷേമനിധി ബോർഡിന്റെ പരിധിയിലുള്ളവരാണ്. ബാക്കിയുള്ള അസംഘടിത തൊഴിലാളികൾക്ക് 26 എ-എ.എൽ.ഒ കാർഡുണ്ടെങ്കിലെ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, യു.ടി.യു.സി, ബി.എം.എസ് എന്നീ ട്രേഡ് യൂണിയനുകൾക്ക് കീഴിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.
ചുമട് താങ്ങിയിട്ടും താങ്ങായില്ല
നേരത്തെ 1000-1500 രൂപ ലഭിച്ചിരുന്ന ലോഡുകൾക്ക് ഇപ്പോൾ 250-300 രൂപയാണ് കിട്ടുന്നത്
ചെറുപ്പത്തിലേ ജോലിക്കിറങ്ങിയവരാണ് ഭൂരിഭാഗവും
ശ്വാസകോശരോഗങ്ങളും ശരീരവേദനയുമാണ് മിക്കവരുടെയും സമ്പാദ്യം
രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ജോലി
ഭൂരിഭാഗം ദിവസവും ഉച്ചയോടെ ജോലി കഴിയും
പ്രതിദിന കൂലി ക്ഷേമനിധി ബോർഡിലടയ്ക്കണം
മാസത്തിൽ ഒന്നിച്ചാണ് ശമ്പളം
അടയ്ക്കുന്നതിന്റെ 10 ശതമാനം ടി.ബി.എഫ് (ടെർമിനിൽ ബെനിഫിഷറി ഫണ്ട്) പിടിക്കും
തൊഴിലാളികളുടെ ആവശ്യം
ക്ഷേമനിധി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക
അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി രജിസ്ട്രേഷൻ പുനരാരംഭിക്കുക
എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക
നിയമ പരിഷ്കാരത്തിലൂടെ കേരളത്തിലെ ചുമട്ടുതൊഴിലാളികളെ തൊഴിലില്ലാപ്പടയാക്കരുത്. ഇ.എസ്.ഐ പദ്ധതി നടപ്പാക്കി തൊഴിലാളികളെ സുരക്ഷിതരാക്കണം.
എ.കെ.ഹഫീസ്, സംസ്ഥാന പ്രസിഡന്റ്,
ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)