അഞ്ചാലുംമൂട്: ബൈപ്പാസിലെ കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് പോകുന്ന ഒറ്റയ്ക്കൽ ജംഗ്ഷൻ ഭാഗത്തെ താത്കാലിക റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിലായിട്ടും പരിഹാര നടപടിയില്ല. ബൈപ്പാസ് ആറുവരിയാക്കുന്ന കമ്പനിയാണ് റോഡ് നിർമ്മിച്ചത്. ബൈപ്പാസിലെ ഒറ്റക്കൽ ജംഗ്ഷനിൽ പാലത്തിന് പില്ലർ നിർമ്മിച്ചപ്പോൾ റോഡ് തകരുകയായിരുന്നു.
നാല് ദിശകളിൽ നിന്ന് വാഹനങ്ങൾ എത്തുന്ന ഭാഗമാണിത്. റോഡിലെ ടാർ ഇളകി കുഴികളും മെറ്റലുകളും നിരന്നു കിടക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബൈപ്പാസ് നിർമ്മാണത്തിനുള്ള സാധനങ്ങളുമായി ഭാരവാഹനങ്ങൾ ദിനംപ്രതി കടന്നു പോയതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.
നിത്യേന സ്‌കൂൾ ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. ആംബുലൻസുകൾ അടക്കമുള്ളവ പണിപ്പെട്ടാണ് ഈ ഭാഗം കടക്കുന്നത്. ബൈപ്പാസിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് പലപ്പോഴും കുഴികൾ കാണുന്നത്. പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിന്നിലുള്ള വാഹനങ്ങൾ ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നത് തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. പല കുഴികളും ഇതിനോടകം തന്നെ ഗർത്തങ്ങളായി.
റോഡിലെ കുഴികൾ അടയ്ക്കണമെന്ന് യാത്രക്കാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ നിർമ്മാണകമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേട്ടമട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നടുവൊടിഞ്ഞ് വാഹനങ്ങളും
ഒറ്റക്കലിലെ തകർന്ന റോഡിലൂടെ തുടർച്ചയായി സഞ്ചരിക്കുന്ന ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി ഒഴിയാത്ത അവസ്ഥയാണ്. വരുമാനത്തിലെ നല്ലൊരു വിഹിതം വർക്ക് ഷോപ്പുകളിൽ നൽകേണ്ടി വരുന്നതായി ഉടമകൾ പറയുന്നു. കാൽനടയാത്രക്കാരും റോഡിന്റെ ശോചനീയാവസ്ഥയിൽ ദുരിതത്തിലാണ്. ഇവിടെ രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതാണ് മറ്റൊരു ദുരിതം.
റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂർത്തിയാക്കണം. മഴ ശക്തമാകുന്നതോടെ ഇപ്പോഴത്തെ ദുരിതം ഇരട്ടിക്കും. അതിനു കാത്തു നിൽക്കാതെ നടപടി സ്വീകരിക്കാൻ നിർമ്മാണ കമ്പനി അധികൃതർ തയ്യാറാവണം
നാട്ടുകാർ